കരുവന്നൂരിലേത് തെറ്റ് തന്നെ, ന്യായീകരിക്കാനുമില്ല- ഇ.പി. ജയരാജൻ
കരുവന്നൂര്‍ ബാങ്കില്‍ നടന്നത് തെറ്റ് തന്നെയാണെന്നും അത് ന്യായീകരിക്കേണ്ട ആവശ്യം ഇടതുപക്ഷത്തിനില്ലെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജൻ. കരുവന്നൂരിലേത് ഉയര്‍ത്തിക്കാട്ടി കേരളത്തിലെ സഹകരണ മേഖലയാകെ പ്രശ്നമാണെന്ന് വരുത്തി തീര്‍ക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരുവന്നൂരില്‍ കുറ്റം നടന്നിട്ടുണ്ടെങ്കിൽ അതവിടെ തന്നെ പരിഹരിക്കുകയാണ് വേണ്ടത്. അല്ലാതെ നല്ല നിലയില്‍ നടന്നുപോകുന്ന സഹകരണമേഖലയെ മൊത്തം കുറ്റപ്പെടുത്തരുത്.
ഏതെങ്കിലും ഒരു ജീവനക്കാരൻ ചെയ്യുന്ന തെറ്റിന്റെ പേരില്‍ സഹകരണ മേഖലക്ക് വലിയ വിലയാണ് കൊടുക്കേണ്ടി വരുന്നത്. സഹകരണ മേഖലയെ കളങ്കപ്പെടുത്താൻ ഒരു ജീവനക്കാരനെയും അനുവദിക്കില്ല. അന്വേഷണ സംഘത്തെ ഇറക്കിവിട്ട് രാഷ്ട്രീയം കളിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇ.ഡിപോലുള്ള ഏജൻസികളെ പറഞ്ഞുവിട്ട് ഭയപ്പെടുത്താമെന്ന് കേന്ദ്ര സര്‍ക്കാര്‍ കരുതേണ്ട. അത് കര്‍ണാടകയിലോ ആന്ധ്രയിലോ നടന്നേക്കാമെന്നും കേരളത്തില്‍ വിലപ്പോവില്ലെന്നും ഇ.പി. ജയരാജൻ പറഞ്ഞു.