പത്തുമാസം, കേസുകള്‍ ആയിരത്തോളം; സൈബര്‍ കെണിയില്‍ കുരുങ്ങുന്ന മലയാളികള്‍
സോഷ്യല്‍ മീഡിയ ലിങ്കുകളിലും ആപ്പുകളിലും അനാവശ്യമായി കയറുന്നത് വഴി വലിയ സാമ്പത്തിക തട്ടിപ്പിന് മലയാളികള്‍ ഇരയാകുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചതായി സൈബര്‍ സെല്ലില്‍ ലഭിക്കുന്ന പരാതികളില്‍ നിന്നും വ്യക്തമാകുന്നു.
2016 മുതല്‍ 2023 വരെയുള്ള കണക്കനുസരിച്ച് കേസുകളുടെ എണ്ണത്തില്‍ വൻ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ലോണ്‍ ആപ്പ്, ഓണ്‍ലൈൻ ജോബ്, ബാങ്ക് അക്കൗണ്ട് കൈവശപ്പെടുത്തിയുള്ള തട്ടിപ്പ് എന്നിവയാണ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അഭ്യസ്തവിദ്യരായ യുവതീ യുവാക്കളാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പിന് ഇരയാകുന്നത്.
മുൻ വര്‍ഷങ്ങളെ അപേക്ഷിച്ച് മരണനിരക്കും കൂടിയിട്ടുണ്ട്. ചീറ്റിംഗ് കേസുകളും സാമ്പത്തിക തട്ടിപ്പുകളുമാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വര്‍ധിച്ചിരിക്കുന്നത്. 2016ല്‍ 283 സൈബര്‍ കുറ്റകൃത്യങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 2017 ല്‍ അത് 320 ആയി ഉയര്‍ന്നു. 2018 ല്‍ 340 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ തൊട്ടടുത്ത വര്‍ഷം 2019-ല്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ നേരിയ കുറവ് രേഖപ്പെടുത്തി 307 ആയി. 2020 ല്‍ 426 കേസുകളും 2021-ല്‍ 626 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 2022-ല്‍ 815 കേസുകളും 2023 ഇതുവരെ 960 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
അംഗീകാരമില്ലാത്ത ലോണ്‍ ആപ് കേസുകളാണ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഇത്തരം ചതികളില്പ്പെട്ടാല് ഉടൻ തന്നെ സൈബര്‍ സെല്ലുമായി ബന്ധപ്പെട്ടാല്‍ പ്രശ്ന പരിഹാരം ഉണ്ടാകും.പലകേസുകളിലും ഉത്തരേന്ത്യകേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.