ഇന്ത്യ – കാനഡ തര്‍ക്കം: ഇന്ത്യയില്‍ നിന്ന് 41 നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ പിൻവലിച്ചു
ഖലിസ്ഥാൻ ഭീകരൻ ഹര്‍ദീപ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള പ്രശ്നങ്ങള്‍ തുടരുന്നതിനിടെ, ഇന്ത്യയില്‍ നിന്നും 41 നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ പിൻവലിച്ചു.
21 പേര് ഒഴികെയുള്ളവരുടെ നയതന്ത്ര പരിരക്ഷ പിൻവലിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയതോടെയാണ് നടപടി. നയതന്ത്ര പ്രതിനിധികളുടെ എണ്ണത്തില്‍ ഇരുരാജ്യങ്ങളിലും തുല്യത വേണമെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാന്‍ ഇന്ത്യ നേരത്തേ ആവശ്യപ്പെട്ടിരുന്നു.
”ഇന്ത്യയിലെ 21 കനേഡിയൻ നയതന്ത്രജ്ഞര്‍ക്കും ഇവരുടെ ആശ്രിതര്‍ക്കും ഒഴികെ മറ്റെല്ലാവര്‍ക്കും ഒക്ടോബര്‍ 20 നകം നയതന്ത്ര പരിരക്ഷ പിൻവലിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. മറ്റ് 41 കനേഡിയൻ നയതന്ത്രജ്ഞരുടെയും അവരുടെ ആശ്രിതരുടെയും സുരക്ഷയെ ഇത് ബാധിക്കും എന്നാണ് ഇതിനര്‍ത്ഥം”, കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയുടെ തീരുമാനം ഇരു രാജ്യങ്ങളിലെയും കോണ്‍സുലേറ്റുകളിലെ സേവനത്തെ ബാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ”നിര്‍ഭാഗ്യവശാല്‍, ചണ്ഡീഗഢിലെയും മുംബൈയിലെയും ബാംഗ്ലൂരിലെയും കോണ്‍സുലേറ്റുകളിലെ എല്ലാ വ്യക്തിഗത സേവനങ്ങളും ഞങ്ങള്‍ താല്കാലികമായി നിര്‍ത്തേണ്ടതുണ്ട്,” മന്ത്രി പറഞ്ഞു.