കണ്ണൂരില്‍ വനപാലകര്‍ക്ക് നേരെ വെടിയുതിര്‍ത്ത് മാവോയിസ്റ്റുകള്‍
വനംവകുപ്പ് വാച്ചര്‍മാരെ കണ്ട് വെടിയുതിര്‍ത്ത് മാവോയിസ്റ്റുകള്‍. കണ്ണൂര്‍ കേളകം രാമച്ചിയിലാണ് സംഭവം.
വാച്ചര്‍മാരെ കണ്ടതോടെ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ഉടൻ തന്നെ വനപാലകര്‍ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. അഞ്ച് മാവോയിസ്റ്റുകളാണ് സംഘത്തിലുണ്ടായിരുന്നത്. മൂന്ന് വനപാലകരാണ് ഇവരുടെ മുന്നില്‍പ്പെട്ടത്. സംഘം ആറ് റൗണ്ട് വെടിയുതിര്‍ത്തുവെന്നാണ് രക്ഷപ്പെട്ട വനപാലകര്‍ പറയുന്നത്. വയനാട് കമ്ബമലയില്‍ വെടിയുതിര്‍ത്ത സംഘം തന്നെയാണ് ഇതെന്നാണ് നിഗമനം.
കുറച്ചുനാള്‍ മുമ്ബ് ശാന്തിഗിരി രാമച്ചിയില്‍ വീണ്ടും മാവോയിസ്റ്റുകളെത്തിയിരുന്നു. രാമച്ചിയിലെ കണക്കുംചേരി സണ്ണിയുടെ വീട്ടിലാണ് അഞ്ചംഗ മാവോയിസ്റ്റുകളെത്തിയത്. ആയുധധാരികളായ പുരുഷന്മാരാണ് സംഘത്തിലുണ്ടായിരുന്നത്. ഞായറാഴ്ച വൈകുന്നേരം ഏഴ് മണിയോടെ എത്തിയ സംഘം മൊബൈല്‍ ഫോണും ലാപ്ടോപ്പും മറ്റും ചാര്‍ജ് ചെയ്ത ശേഷം ഭക്ഷണവും കഴിച്ച് 10.45 ഓടെയാണ് മടങ്ങിയതെന്ന് വീട്ടുകാര്‍ പറഞ്ഞു.