ഡല്‍ഹി മദ്യനയക്കേസ്: നവംബര്‍ രണ്ടിന് ഹാജരാകാന്‍ കെജ്രിവാളിന് ഇ.ഡി നോട്ടീസ്
ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. നവംബര്‍ രണ്ടിന് ചോദ്യം ചെയ്യലിനായി ഡല്‍ഹി ഓഫീസില്‍ നേരിട്ട് ഹാജരാകാനാണ് നോട്ടീസ്.
മദ്യനയക്കേസില്‍ മുന്‍ ഉപമുഖ്യമന്ത്രിയും കെജ്രിവാളിന്റെ വലംകൈയുമായ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഇന്നലെ സുപ്രീം കോടതി നിരസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കെജ്രിവാളിന് സമന്‍സ് ലഭിക്കുന്നത്.
ആം ആദ്മി പാര്‍ട്ടിയെ ഇല്ലാതാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ഏകലക്ഷ്യമെന്ന് എഎപി മുതിര്‍ന്ന നേതാവ് സൗഭര് ഭരദ്വാജ് പറഞ്ഞൂ. വ്യാജ കേസുകള്‍ സൃഷ്ടിക്കുന്നത് അടക്കം എല്ലാ നടപടികളും അവര്‍ നോക്കുന്നു. കെജ്രിവാളിനെ ജയിലിലടച്ച് ആം ആദ്മി പാര്‍ട്ടിയെ നശിപ്പിക്കുകയാണ് അവരുടെ ആശയമെന്നും ഭരദ്വാജ് കൂട്ടിച്ചേര്‍ത്തു.
അതിനിടെ, കെജ്രിവാള് രാജിവയ്ക്കണമെന്ന് ബിജെപി ഡല്‍ഹി യൂണിറ്റ് ആവശ്യപ്പെട്ടു. കെജ്രിവാളിന് രാജിവയ്ക്കാനുള്ള എല്ലാ കാരണവും കോടതി ഉത്തരവിലുണ്ടെന്നാണ് ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സചദേവിന്റെ ആരോപണം.