ബി.ജെ.പി പണം കൈമാറിയത് അദാനിയുടെ പോക്കറ്റിലേക്കെന്ന് രാഹുല്‍ ഗാന്ധി
ബി.ജെ.പി നേതൃത്വത്തിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ഗൗതം അദാനിയുടെ പോക്കറ്റിലേക്കാണ് ബി.ജെ.പി പണം കൈമാറിയതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
കള്ളപ്പണം പൂര്‍ണമായും ഇല്ലാതാക്കാൻ സാധിച്ചില്ലെങ്കില്‍ തന്നെ തൂക്കികൊല്ലാമെന്ന് മോദി പറഞ്ഞു. കോവിഡ് സമയത്ത് മൊബൈല്‍ ഫോണ്‍ ടോര്‍ച്ച് തെളിയിക്കാനും പാത്രം കൊട്ടാനുമാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. ഓക്സിജൻ സിലിണ്ടറുകളും ആവശ്യത്തിന് മരുന്നുകളുമില്ലാതെ ജനം തെരുവില്‍ മരിച്ച് വീഴുമ്ബോഴായിരുന്നു ഇത്.
എന്നാല്‍, രാജസ്ഥാൻ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് പാത്രങ്ങളില്‍ ഭക്ഷണം നല്കി. മരുന്നുകളുടെ വിതരണവും സര്‍ക്കാര്‍ ഫലപ്രദമായി നടത്തി. പാവങ്ങള്‍ക്ക് വേണ്ടിയായിരുന്നു രാജസ്ഥാൻ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാജസ്ഥാനിലെ ചാരുവില്‍ കോണ്‍ഗ്രസിന്റെ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.
നരേന്ദ്ര മോദിയാണ് ആദ്യമായി ഇവിടെ ജി.എസ്.ടി നടപ്പിലാക്കിയത്. ഇതുമൂലം കര്‍ഷകര്‍ക്കും ഇവിടെ നികുതി അടക്കേണ്ടി വന്നു. മോദിയുടെ നോട്ടുനിരോധനം രാജ്യത്തെ ചെറുകിട വ്യാപാരികളെ തകര്‍ത്തു.രാജ്യത്ത് എവിടെ നോക്കിയാലും അവിടെയെല്ലാം അദാനിയാണ്. വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, സിമന്റ് നിര്‍മാണശാലകള്‍, റോഡുകള്‍ എല്ലാം അദാനിക്കാണ്. ധനികര്‍ക്ക് വേണ്ടിയാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അദാനിയെ മോദി സഹായിക്കുന്നു. അദാനി പണം സമ്ബാദിച്ച് അത് വിദേശത്ത് ചെലവഴിച്ച് കമ്പനികള്‍ വാങ്ങുകയാണെന്നും രാഹുല്‍ പറഞ്ഞു.