ബന്ദികളാക്കിയ എല്ലാവരും തിരികെ എത്തുന്നത് വരെ വെടിനിര്‍ത്തല്‍ ഉണ്ടാകില്ലെന്ന് ബെഞ്ചമിൻ നെതന്യാഹു
ഹമാസ് ഭീകരര്‍ ബന്ദികളാക്കിയ എല്ലാവരേയും മോചിപ്പിക്കുന്നത് സംബന്ധിച്ച് ഒരു കരാറിലും എത്തിയിട്ടില്ലെന്ന് ഇസ്രായേലും അമേരിക്കയും.
ഇസ്രായേലും ഹമാസുമായി കരാറില്‍ ഏര്‍പ്പെട്ടുവെന്നും, ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി യുദ്ധം അഞ്ച് ദിവസത്തേക്ക് നിര്‍ത്തിവയ്ക്കാനുമാണ് കരാറില്‍ പറയുന്നതെന്നും വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ഇത്തരമൊരു കരാറില്‍ തങ്ങള്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് ഇസ്രായേല്‍ ഔദ്യോഗിക പ്രസ്താവന ഇറക്കിയത്. 50ഓ അതിലധികമോ ആളുകളെ മോചിപ്പിക്കാനാണ് ധാരണയായതെന്നും ഇതില്‍ പറഞ്ഞിരുന്നു. ഖത്തറിന്റെ മധ്യസ്ഥതയിലാണ് അമേരിക്കയും ഇസ്രായേലും ഹമാസും ഈ തീരുമാനത്തില്‍ എത്തിയതെന്നായിരുന്നു ഈ വാര്‍ത്തയില്‍ പറഞ്ഞിരുന്നത്.
ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഹമാസുമായി ഒരു കരാറിലും ഇതുവരെ ഒപ്പ് വച്ചിട്ടില്ലെന്നും നെതന്യാഹു പറയുന്നു. “ബന്ദികളാക്കപ്പെട്ട എല്ലാവരേയും വീടുകളിലേക്ക് തിരികെ കൊണ്ടുവരാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഇതിനായി ഒറ്റക്കെട്ടായുള്ള പരിശ്രമത്തിലാണ് ഞങ്ങള്‍ എല്ലാവരുമെന്നും” നെതന്യാഹു പറഞ്ഞു. കരാറില്‍ ഏര്‍പ്പെട്ടുവെന്ന വാര്‍ത്ത തെറ്റാണെന്ന് വൈറ്റ് ഹൗസും അറിയിച്ചിട്ടുണ്ട്. അത്തരമൊരു കരാറിന് വേണ്ടിയാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും, അത് നടപ്പാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും വൈറ്റ് ഹൗസ് പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു.