പരിധിയില്‍ കവിഞ്ഞ ഭൂമി: നവകേരള സദസില്‍ പി.വി. അൻവര്‍ എം.എല്‍.എ ക്കെതിരെ പരാതി
നവകേരള സദസില്‍ പി.വി. അൻവര്‍ എം.എല്‍.എ ക്കെതിരെ പരാതി. ഭൂപരിഷ്കരണ നിയമം ലംഘിച്ച് അൻവര്‍ എം.എല്‍.എയും കുടുംബവും കൈവശം വെക്കുന്ന മിച്ചഭൂമി സര്‍ക്കാറിലേക്ക് കണ്ട് കെട്ടണമെന്ന താമരശ്ശേരി താലൂക്ക് ലാന്റ് ബോര്‍ഡ് ഉത്തരവ് നടപ്പാക്കാത്തതിനെതിരെയാണ് പരാതി.
കേരളത്തിലെ ആദ്യ ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ട് വന്ന ഭൂപരിഷ്കരണ നിയമം ലംഘിച്ച് നിലമ്ബൂര്‍ എം.എല്‍.എ പി.വി. അൻവറും കുടുംബവും കൈവശം വെക്കുന്ന പരിധിയില്‍ കവിഞ്ഞ മിച്ചഭൂമി തിരിച്ചുപിടിക്കണമെന്നാണ് ആവശ്യം.
ചേലേമ്ബ്ര പുല്ലിപ്പറമ്ബ് കെ.വി ഷാജിയാണ് പരാതിക്കാരൻ. താൻ ഭൂരഹിതനാണെന്നും അൻവറിനെതിരെ കേരള ഭൂപരിഷ്കരണ നിയമപ്രകാരം സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യാൻ സംസ്ഥാന ലാന്റ് ബോര്‍ഡ് താമരശ്ശേരി താലൂക്ക് ലാന്റ് ബോര്‍ഡ് ചെയര്മാന് ഉത്തരവ് നല്‍കിയിരുന്നെങ്കിലും ഈ ഉത്തരവ് നടപ്പാക്കാത്തതിനെതിരെ താൻ ഹൈക്കോടതിയെ സമീപിച്ചിരുന്നതായും പരാതിയില്‍ പറയുന്നു.
ഭൂരഹിതരില്ലാത്ത നവകേരള നിര്‍മിതിക്കായി പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഈ വിഷയത്തില്‍ നീതി നടപ്പിലാക്കണമെന്ന് പരാതിയില്‍ പറഞ്ഞു. വള്ളിക്കുന്ന് നിയോജകമണ്ഡലത്തിന്റെ നവകേരള സദസ്സിലെ പരാതി സ്വീകരിക്കുന്ന കൗണ്ടറിലാണ് കെ.വി. ഷാജി പരാതി നല്‍കിയത്.