മുസ്ളീം പേര് കണ്ടതോടെ ഷാജഹാനെ പ്രതിയാക്കി അമൃത ടിവി; വീട് അടിച്ച് തകർത്തത് RSS എന്ന് ഷാജഹാൻ
കൊല്ലത്ത് കുട്ടിയെ തട്ടി കൊണ്ട് പോയ സംഭവത്തിൽ വ്യാപകമായ തിരച്ചിലാണ് പോലീസ് നടത്തിയത്. ഒടുവിൽ കൊല്ലം ആശ്രാമം മൈതാനത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. പിടിക്കപ്പെടും എന്ന് ഉറപ്പായപ്പോൾ തട്ടിക്കൊണ്ടുപോയ സംഘം കുട്ടിയെ ഉപേക്ഷിച്ച് പോയി എന്നാണ് പോലീസ് നിഗമനം.
ഈ പശ്ചാത്തലത്തിൽ കേസിലെ പ്രതി എന്ന പേരിൽ ജിം ഷാജഹാൻ എന്ന ഒരാളുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ ചിലർ പങ്ക് വെച്ചിരുന്നു. എന്നാൽ ചിലർ അയാൾ തന്നെയാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത് എന്ന് ഉറപ്പിച്ച മട്ടിലാണ് അയാളുടെ ചിത്രം കൊടുത്തിരുന്നത്.
“പ്രതിയുടെ പേര് ജിം ഷാജഹാൻ. പ്രതിയുടെ പേരു കണ്ടപ്പോൾ പ്രധാന മാധ്യമങ്ങൾക്ക് ആവേശം തണുത്തൊരു ലക്ഷണം. വാർത്ത അമൃത ചാനലിൽ മാത്രം. മതേതര കേരളം പുഞ്ചിരിച്ചു നിൽക്കുന്നു,” ഇങ്ങനെയാണ് പോസ്റ്റുകളിൽ ചിലതിലെ വിവരണം. അമൃത ടിവിയിൽ വന്ന ഒരു വാർത്തയുടെ അടിസ്ഥാനത്തിലാണ് ഈ പോസ്റ്റുകൾ എല്ലാം വരുന്നത്. സ്വയം സേവകൻ എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് പെട്ടെന്ന് തന്നെ 350 ഷെയറുകളും ഉണ്ടായിരുന്നു. അതായത് ആ വ്യാജ വാർത്ത പെട്ടെന്ന് നാട് മുഴുവൻ അവർ പ്രചരിപ്പിച്ചു. രൂപരേഖയുമായി സാദൃശ്യം തോന്നിയത് കൊണ്ട് പോലീസ് ഷാജഹാന്റെ വീട്ടിൽ പരിശോധന നടത്തുകയും പിന്നാലെ അയാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. കുട്ടിയെ കാണാതായ ദിവസം മുഴുവൻ ഷാജഹാൻ മെഡിസിറ്റി ആശുപത്രിയിലാണ് ഉണ്ടായിരുന്നത്. മരുമകന് അപകടം സംഭവിച്ചതിനാൽ അയാൾ ആശുപത്രിയിലായിരുന്നു. ആശുപത്രിയുമായി ബന്ധപ്പെട്ട് അന്വേഷിച്ചപ്പോൾ ഷാജഹാൻ അവിടെ ഉണ്ടായിരുന്നെന്ന് വ്യക്തമാവുകയും നിരപരാധിയാണെന്ന് കണ്ടെത്തി പോലീസ് അയാളെ വെറുതെ വിടുകയും ചെയ്തു.
അയാളെ അറസ്റ്റ് ചെയ്ത വാർത്ത നിമിഷ നേരം കൊണ്ട് നാട്ടിൽ പരന്നു. അമൃത ടീവിയും സംഘപരിവാർ സൈബർ ക്രിമിനലുകളും വ്യാജ വാർത്ത പ്രചരിപ്പിക്കാൻ മുന്നിൽ നിന്നു. പിന്നീട് ഷാജഹാനെ തേടി ഒരു കൂട്ടം അക്രമികൾ കല്ലമ്പലത്തെ വീട്ടിലെത്തി. വീട് അടഞ്ഞുകിടക്കുന്നത് കണ്ട് വാതിലും ജനല്ച്ചില്ലുകളും എല്ലാം അവർ തല്ലിത്തകര്ത്തു. ഈ സമയം ഷാജഹാന് മകളുടെ വീട്ടിലായിരുന്നു. അമൃത ടിവിയിൽ വന്ന ഒരു വ്യാജ വാർത്ത കാരണം ആണ് ഈ അക്രമം നടന്നത്. ഇതിന് പിന്നിൽ RSS ആണെന്നാണ് ഷാജഹാൻ പറയുന്നത്. താനൊരു മുസ്ലിം ആയതിനാലാണ് തനിക്കുനേരെ ഇത്തരം അക്രമങ്ങൾ നടക്കുന്നതെന്നും ഷാജഹാൻ പറയുന്നു. കുറെ നാൾ മുമ്പ് ഷാജഹാൻ ചില കേസുകളിൽ പ്രതിയായിരുന്നു. അയാൾ ഇപ്പോൾ മീൻ വിറ്റാണ് കുടുംബം പോറ്റുന്നത്.
യാതൊരു തെളിവുമില്ലാതെ ഒരാളെ കുറ്റവാളിയായി ചിത്രീകരിക്കാനും വേട്ടയാടാനും ആർക്കും അവകാശമില്ല. പഴയ കാലത്ത് നടന്ന മോശം കാര്യങ്ങൾ മറക്കാനും പുതിയ ഒരു മനുഷ്യനായി ജീവിക്കാനും എല്ലാവർക്കും ആഗ്രഹമുണ്ടാകും. ഈ അവസരത്തിൽ അമൃത ടിവി ചെയ്തത് കൊടും ക്രൂരത തന്നെയാണ്. ഒരു തെളിവും ഇല്ലാതെ ഒരു വ്യക്തിയുടെ മുഖവും വിലാസവും അടക്കം സംപ്രേക്ഷണം ചെയ്യുന്നു. ഈ സാധാരണക്കാരനായ മീൻ കച്ചവടക്കാരൻ മാനനഷ്ടത്തിന് കേസ് ഒന്നും കൊടുക്കാൻ പോകുന്നില്ലെന്ന് അവർക്ക് നന്നായി അറിയാം. അതിലും പ്രധാനം അയാളുടെ ഷാജഹാൻ എന്ന പേര് തന്നെയാണ്. സംഘപരിവാറിന് കുട പിടിക്കുന്ന അമൃത ചാനൽ ആ പേരിനായി കാത്തിരുന്ന പോലെയാണ് അത്ര തിടുക്കത്തിൽ വാർത്ത നൽകിയത്.
ഇനി ഈ ഷാജഹാൻ ഇതിനും മുൻപ് പല കേസിലും പ്രതിയാണെന്ന് പറയുന്നവർ ഓർക്കേണ്ട ഒരു കാര്യമുണ്ട്. കോടതി നിങ്ങളെ കുറ്റക്കാരൻ എന്ന് വിധിക്കുന്നത് വരെ നിങ്ങൾ നിരപരാധി തന്നെയാണ്. ഈ കുഞ്ഞിനെ കാണാതായ കേസിൽ അന്വേഷിക്കാൻ കേരളത്തിലെ യുവജന പ്രസ്ഥാനങ്ങളോട് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഡിവൈഎഫ്ഐയും മറ്റ് ചില സംഘടനകളും അത് ചെയ്തപ്പോൾ യൂത്ത് കോൺഗ്രസ്സ് പോലീസിന്റെ അന്വേഷണം തടസ്സപ്പെടുത്തിക്കൊണ്ട് പോലീസ് സ്റ്റേഷൻ ഉപരോധം നടത്തുകയായിരുന്നു. എന്നാൽ സംഘപരിവാർ അനുകൂലികൾ അൽപ്പം കൂടെ ആക്റ്റിവായി. അവർ ഒരു വ്യാജ വാർത്ത നാടെങ്ങും പരത്തുകയും, അതിനു ശേഷം ഷാജഹാന്റെ വീട് ആക്രമിക്കുകയും ചെയ്തു. ഏതൊരു സംഭവത്തിലും മതം മാത്രം വിഷയമാക്കുന്ന ഇക്കൂട്ടർ സ്വയം അവകാശപ്പെടുന്നത് രാജ്യസ്നേഹികൾ എന്നാണ്. എന്നാൽ അവരെ നാട്ടുകാർ വെറുപ്പോടെ വിളിക്കുന്നത് RSS കാർ എന്നാണ്.