നിക്ഷേപകര്‍ക്ക് സ്വപ്ന തുല്യമായ നേട്ടം; 140 % നേട്ടത്തില്‍ ലിസ്റ്റ് ചെയ്ത് ടാറ്റ ടെക്നോളജീസ്
നിക്ഷേപകര്‍ക്ക് ഉയര്‍ന്ന നേട്ടം സമ്മാനിച്ച് കൊണ്ട് ടാറ്റ ടെക്നോളജീസിന്റെ ഐപിഒ (പ്രാരംഭ ഓഹരി വില്‍പ്പന) ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തു.
140 ശതമാനം നേട്ടത്തില്‍ 1200 രൂപയിലാണ് നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഓഹരി വ്യാപാരം ആരംഭിച്ചത്. 139.99 ശതമാനം നേട്ടത്തില്‍ 1199.95 രൂപയിലാണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാരം തുടങ്ങിയത്.
ഐപിഒയുടെ ഇഷ്യു പ്രൈസ് 500 രൂപയാണ്. 2004 ആയിരുന്നു ടാറ്റ ഗ്രൂപ്പില്‍ നിന്ന് ഒരു കമ്ബനി അവസാനമായി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. നവംബര്‍ 22 മുതല്‍ 24 വരെ നടന്ന ഐപിഒ, ആരംഭിച്ച് 36 മിനിറ്റിനുള്ളില്‍ പൂര്‍ണമായും സബ്സ്ക്രൈബ് ചെയ്യപ്പെട്ടിരുന്നു. പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയിലിലൂടെ നടന്ന ഐപിഒയില്‍ 3042.51 കോടി രൂപയാണ് സമാഹരിച്ചത്. ഓഫര്‍ ഫോര്‍ സെയിലായതുകൊണ്ടുതന്നെ ടാറ്റ ടെക്നോളജീസിന് പണമൊന്നും ലഭിക്കില്ല.
മാതൃകമ്ബനിയായ ടാറ്റ മോട്ടോഴ്സ് 11.41 ശതമാനം ഓഹരികള്‍ വിറ്റു. ആല്‍ഫ ടിസി ഹോള്‍ഡിങ്സ് (2.40%),ടാറ്റ ക്യാപിറ്റല്‍ ഗ്രോത്ത് ഫണ്ട് (1.20%) എന്നിവരാണ് ഓഹരികള്‍ വിറ്റ മറ്റ് നിക്ഷേപകര്‍.
ശക്തമായ നിക്ഷേപക താല്‍പ്പര്യം കമ്ബനിയുടെ അതിശക്തമായ അടിത്തറയും ടാറ്റ ഗ്രൂപ്പിന്റെ പൈതൃകവും പ്രതിഫലിപ്പിക്കുന്നതായി, സ്വസ്തിക ഇൻവെസ്റ്റ്മാര്‍ട്ട് ലിമിറ്റഡിന്റെ വെല്‍ത്ത് മേധാവി ശിവാനി ന്യാതി ലിസ്റ്റിംഗിന് ശേഷം പറഞ്ഞു. ടാറ്റ ടെക്നോളജീസിന്റെ ലിസ്റ്റിംഗ് കമ്ബനിക്കും എഞ്ചിനീയറിംഗ് സേവന മേഖലയ്ക്കും നല്ല സാധ്യതകളാണ് മുന്നോട്ട് വെക്കുന്നത്. ഐപിഒയില്‍ പങ്കെടുത്ത നിക്ഷേപകര്‍ തങ്ങളുടെ ഓഹരികള്‍ ദീര്‍ഘകാലത്തേക്ക് കൈവശം വെക്കുന്നത് പരിഗണിക്കണം, കാരണം കമ്ബനിക്ക് സുസ്ഥിരമായ വളര്‍ച്ചയുണ്ട് ശിവാനി ന്യാതി കൂട്ടിച്ചേര്‍ത്തു.