97 തേജസ് വിമാനം, 156 പ്രചണ്ഡ് കോപ്ടര്‍ , 2.23 ലക്ഷം കോടിയുടെ പ്രതിരോധ ഇടപാട്
സായുധസേനയുടെ കരുത്ത് കൂട്ടാൻ ഇന്ത്യ സ്വന്തമായി നിര്‍മ്മിച്ച 97 തേജസ് മാര്‍ക്ക്-1 എ ലഘു യുദ്ധ വിമാനങ്ങളും 156 പ്രചണ്ഡ് ആക്രമണ ഹെലികോപ്റ്ററുകളും വാങ്ങാൻ കേന്ദ്ര അനുമതി.
2.23 ലക്ഷം കോടിയുടെ ഇടപാടില്‍ കപ്പല്‍ വേധ മിസൈലുകള്‍, ടോവ്ഡ് പീരങ്കികള്‍ എന്നിവയും ഉള്‍പ്പെടുന്നു. ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സാണ് തേജസ് വിമാനങ്ങളും പ്രചണ്ഡ് കോപ്റ്ററുകളും നിര്‍മ്മിക്കുന്നത്. തേജസ് വ്യോമസേനയ്ക്കും പ്രചണ്ഡ് കര, വ്യോമസേനകള്‍ക്കും വേണ്ടിയാണ്. തേജസ്, പ്രചണ്ഡ് ഇടപാട് മാത്രം 1.1 ലക്ഷം കോടി. റഷ്യൻ സുഖോയ് എസ്.യു-30 വിമാനങ്ങളില്‍ തദ്ദേശീയ സങ്കേതങ്ങള്‍ ഉള്‍പ്പെടുത്തി നവീകരിക്കാനും അനുമതിയായി.
തദ്ദേശീയമായി നടത്തുന്ന ഏറ്റവും വലിയ പ്രതിരോധ ഇടപാടാണിത്. 2.2 ലക്ഷം കോടിയുടെ ( 98%) ഓര്‍ഡറും ആഭ്യന്തര വ്യവസായ സ്ഥാപനങ്ങള്‍ക്കാണ്. പ്രതിരോധ മേഖലയില്‍ ആത്മനിര്‍ഭര്‍ പദ്ധതിക്ക് വൻ കുതിപ്പേകുന്നതാണ് ഡിഫൻസ് അക്വിസിഷൻ കൗണ്‍സിലിന്റെ തീരുമാനം. വിമാനങ്ങളും ആയുധങ്ങളും സേനയിലെത്താൻ പത്ത് വര്‍ഷമെങ്കിലും എടുക്കും. ഇക്കാലയളവില്‍ നിരവധി തൊഴിലവസരങ്ങളും സൃഷ്ടിക്കും.സ്റ്റാര്‍ട്ടപ്പുകള്‍ക്കും എം.എസ്.എം.ഇകള്‍ക്കും പങ്കാളിത്തം.