അനുപമയുടെ യൂട്യൂബ് ചാനലും വരുമാനവും ചർച്ചയാകുമ്പോൾ, ഷാജഹാനെ മറക്കരുത്; അയാൾക്കും നീതി ലഭിക്കണം..
കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ സുരക്ഷിതയായി കുട്ടിയെ കിട്ടി എന്നത് നമ്മൾ എല്ല്ലാവർക്കും സന്തോഷം നൽകിയ വാർത്തയാണ്. പിന്നീട് ഈ കുട്ടിയെ തട്ടികൊണ്ടുപോയ പ്രതികളെയും പോലീസ് അറസ്റ്റു ചെയ്തു. മികച്ച രീതിയിൽ, എന്നാൽ ഏറെ ബുദ്ധിമുട്ടി, കേരള പോലീസ് നടത്തിയ ഈ ഓപ്പറേഷൻ വിജയിച്ചതിലും നമുക്ക് അഭിമാനിക്കാം.
അറസ്റ്റിലായ പത്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ പത്മൻ എന്നിവരുടെ പേരിൽ മതിയായ കുറ്റങ്ങൾ ചുമത്തി റിമാൻഡ് ചെയ്തിട്ടുണ്ട്. പത്മകുമാറിനെ കൊട്ടാരക്കര സബ് ജയിലിലേക്കും, അനിതയെയും , മകൾ അനുപമയെയും അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും അയച്ചിട്ടുണ്ട്. ഇനി തെളിവുകളും മറ്റ് വിശദമായ രേഖകളുമായി കോടതിയിൽ വാദം നടക്കും.
ഇപ്പോൾ ചർച്ചയാവുന്നത് ഇവരുടെ സാമ്പത്തിക ബാധ്യത, ഇവർക്കുള്ള ആസ്തികൾ, ഇവർ എന്താണ് ചെയ്തിരുന്നത്, മകൾ അനുപമയുടെ യൂട്യൂബ് ചാലിലെ വരുമാനം എത്രയായിരുന്നു, അതെങ്ങനെ ഇല്ലാതായി എന്നൊക്കെയാണ്. പക്ഷെ എല്ലാവരും സൗകര്യപൂർവ്വം മറക്കുന്ന ഒന്നാണ് ഈ കേസുമായി ബന്ധപ്പെട്ട ആദ്യം പുറത്ത് വന്ന രേഖാചിത്രവുമായി ബന്ധപ്പെട്ട ആ സംഭവം.
ആ രേഖാചിത്രവുമായി ബന്ധപ്പെടുത്തി ഷാജഹാൻ എന്ന വ്യക്തിയാണ് പ്രതി എന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിച്ച അമൃത ടിവി ,മറുനാടൻ മലയാളി പോലുള്ള ചാനലുകളേയും, “ഷാജഹാൻ” എന്ന പേര് കേട്ടപാടേ ഉത്തരേൻഡ്യൻ മോഡലിൽ ഒരു പാവപ്പെട്ടവന്റെ വീട് തകർത്ത ക്രിമിനലുകളേയും ആരും ചർച്ചാവിഷയം ആക്കുന്നില്ല. പത്മകുമാറിന്റെയും മകളുടെയും രേഖാചിത്രം വരച്ചവരെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുമ്പോൾ, ആദ്യ ചിത്രം വരച്ചത് എങ്ങനെ, എന്തിന് എന്നൊന്നും ആരും ചോദിക്കുന്നുമില്ല. അതുകൊണ്ട് നഷ്ടമുണ്ടായത് ഷാജഹാൻ എന്നൊരു മനുഷ്യനും അയാളുടെ കുടുംബത്തിനും മാത്രമാണ്. ആ ദിവസം തന്റെ വീട്ടിൽ ഒരാൾ ആശുപത്രിയിൽ ആയിരുന്നപ്പോൾ മുഴുവൻ സമയവും അവിടെ ഉണ്ടായിരുന്ന ആളാണ് ഷാജഹാൻ. അയാളുടെ വീടിന് നേരെയാണ് ഒരു പറ്റം മുസ്ലിം വിരുദ്ധർ അക്രമം നടത്തിയത്. ഷാജഹാൻ നേരത്തെ മോഷണക്കേസിലും കഞ്ചാവ് കേസിലും പ്രതിയാണെന്നാണ് ഇതിനുള്ള ചിലരുടെ ന്യായീകരണം. എത്രയോ കേസിൽ പ്രതികൾ ആയിരുന്നവർ ഈ നാട്ടിൽ ജീവിക്കുന്നുണ്ട്. മോഷണം കൊലപാതകം, സ്ത്രീപീഡനം അങ്ങനെ ഒരുപാട് കേസുകളിൽ പ്രതിസ്ഥാനത്തുള്ളവർ ഇവിടെയുണ്ട്. കോടതി വിധി കൽപ്പിക്കാതെ ഒരാളും കുറ്റവാളി ആകുന്നില്ല.
ഷാജഹാൻ എന്ന പേര് കണ്ടുമാത്രം അയാളുടെ വീടിന് നേരെ ആക്രമണം നടത്തിയവരെയും കണ്ടുപിടിച്ച് ശിക്ഷിക്കണം. സർക്കാർ ഇടപെട്ട് എത്രയും പെട്ടെന്ന് പൂർണമായും നിരപരാധിയായ ആ മനുഷ്യന്റെ വീട് നിർമ്മിച്ചു കൊടുക്കുകയും ,ആ വീട് തകർത്ത ക്രിമിനലുകളിൽ നിന്നും ആ പണം ഈടാക്കുകയും ആണ് ചെയ്യേണ്ടത്. തട്ടിക്കൊണ്ട് പോകൽ കേസ് അവസാനിച്ചാലും പ്രതികൾ ശിക്ഷിക്കപ്പെട്ടാലും ഷാജഹാൻ എന്ന ആ വ്യക്തി കേരള സമൂഹത്തിന്റെ മുന്നിൽ ഒരുപാട് ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. അതിനുള്ള ഉത്തരവും കൂടെ പറയാൻ നമ്മുടെ സർക്കാർ തയ്യാറാവണം…