എച്ചിലിന് വേണ്ടി അലഞ്ഞു നടന്ന ബാല്യം, കെ.ആർ നാരായണന് ശേഷം റാങ്ക് നേടിയ ആദ്യ ദളിത് വിദ്യാർത്ഥി ഡോക്ടർ കുഞ്ഞാമൻ..
ദളിത് ചിന്തകനും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ ഡോ. എം കുഞ്ഞാമനെ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീകാര്യത്തെ വീട്ടിലാണ് ഡോ. കുഞ്ഞാമനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിരന്തരം ജാതി വിവേചനത്തിന് എതിരെ ശബ്ദമുയര്‍ത്തിയ വ്യക്തിയായിരുന്നു ഡോ. എം. കുഞ്ഞാമന്. 27 വര്‍ഷം കേരള സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്ര അധ്യാപകന് കൂടിയായിരുന്നു അദ്ദേഹം. കെ. ആര്. നാരായണന് ശേഷം റാങ്ക് നേടിയ ആദ്യ ദലിത് വിദ്യാര്‍ത്ഥിയെന്ന നേട്ടവും എം. കുഞ്ഞാമന് സ്വന്തമാക്കിയിരുന്നു.
ജാതി വ്യവസ്ഥയുടെ ക്രൂരതകള്‍ അനുഭവിച്ചും നേരിട്ടുമായിരുന്നു, ഡോ. എം കുഞ്ഞാമന്റെ ജീവിതം. ഇതിനോടൊക്കെ പടവെട്ടിയാണ് ഉന്നത വിദ്യാഭ്യാസം നേടിയതും രാജ്യത്തെ അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനായി വളര്‍ന്നതും. ഇരുട്ടു നിറഞ്ഞതായിരുന്നു തന്റെ ബാല്യകാലമെന്ന് അദ്ദേഹം തന്റെ ജീവിതകഥയില്‍ പറയുന്നുണ്ട്. എച്ചിലെടുത്തും, തിന്നും, ജീവിക്കാന്‍ വിധിക്കപ്പെട്ട അയ്യപ്പന്റെയും ചെറോണയുടെയും മകന്. ‘വയറുകാളാന്‍ തുടങ്ങുമ്പോള്‍ ജന്മിമാരുടെ വീട്ടിലേക്ക് പോകും. അവിടെ കഞ്ഞി പാത്രത്തില്‍ തരില്ല. മുറ്റത്തുപോലുമല്ല, തൊടിയില്‍, അതായത് പുറത്തുള്ള പറമ്പിൽ മണ്ണുകുഴിച്ച് , ഇലയിട്ട് ഒഴിച്ചു തരും”
ജാതിയും ജാതി നിര്‍ദ്ദേശിച്ച തൊഴിലുമെങ്ങനെയൊക്കെയാണ് തന്റെ ജീവിതത്തില്‍ അപകര്‍ഷത നിറച്ചതെന്നും കുഞ്ഞാമന് സാര്‍ പറയുന്നുണ്ട്. കൂടെ പഠിക്കുന്ന കുട്ടികളുടെ വീട്ടില്‍ സദ്യയുള്ള അവസരങ്ങളില്‍ ഇലയെടുക്കാന്‍ പോകും. വൃത്തിയാക്കാനല്ല, എച്ചില് കഴിക്കാന്‍. എച്ചിലിനായി മല്‍സരിക്കുന്നതും കഴിക്കുന്നതും അപകര്‍ഷത ഉണ്ടാക്കിയിരുന്നുവെങ്കിലും അതിനും അപ്പുറത്തായിരുന്നു വിശപ്പെന്നാണ് അദ്ദേഹം പറഞ്ഞത്; ”ആത്മാഭിമാനമല്ല, എന്തിനെയും വിശപ്പിൻറെ അഗ്നി, ചാരമാക്കും എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്”.
സ്കൂളിനെ ഓര്‍ക്കുമ്പോള്‍ തന്റെ മനസ്സില്‍ ആദ്യം വരുന്നത് , അവിടെ ഉപ്പുമാവുണ്ടാക്കിയ ലക്ഷ്മിയേടത്തിയാണെന്ന് അദ്ദേഹം പറയുന്നു. കീഴ് ജാതിയില്‍പ്പെട്ട കുട്ടികളെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ച് വിളിക്കുന്ന അധ്യാപകന്മാരുണ്ടായിരുന്ന കാലമായിരുന്നു അത്. അങ്ങനെ ഒരു അധ്യാപകന് ‘പാണന്’ എന്നായിരുന്നു ആ മൂന്നാം ക്ലാസുകാരനെ വിളിച്ചത്. ഒരു ദിവസം കുഞ്ഞാമന് പറഞ്ഞു. ‘സര് എന്നെ ജാതിപേര് വിളിക്കരുത്, കുഞ്ഞാമന് എന്ന് വിളിക്കണം’. അന്ന് ആ അധ്യാപകന്‍തന്നെ മര്‍ദ്ദിച്ചതാണ് തന്റെ ജീവിതത്തില്‍ വഴിത്തിരിവായതെന്ന് കുഞ്ഞാമന് പറയുന്നു. പഠനവും വായനയും അവിടെനിന്നാണ് തുടങ്ങിയത്. പിന്നീട് എംഎയ്ക്ക് റാങ്ക് നേടിയെങ്കിലും അതൊന്നും കുഞ്ഞാമനെ ഒട്ടും സന്തോഷിപ്പിച്ചിരുന്നില്ല.
ജാതിയും സാമ്പത്തിക വ്യവസ്ഥയും നല്കുന്ന പ്രിവിലേജുകളെ ചൂണ്ടികാണിച്ച് കുഞ്ഞാമന്, പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന് ഡോ. കെ എന്‍ രാജിനോട് ഒരിക്കല്‍ പറഞ്ഞു. ‘ താങ്കള്‍ എന്റെ സ്ഥാനത്തായിരുന്നുവെങ്കില്‍ സ്കൂള്‍ ഫൈനല്‍ പരീക്ഷ പോലും പാസാകില്ലായിരുന്നു. ഞാന്‍ താങ്കളുടെ സ്ഥാനത്തായിരുന്നുവെങ്കില്‍ ഒരു നൊബേല്‍ സമ്മാന ജേതാവായേനെ. ആ വ്യത്യാസം നമ്മള് തമ്മിലുണ്ട്’.
കേരളത്തിന്റെ അനുഭവത്തിന്റെ പശ്ചാത്തലത്തിലാവണം അദ്ദേഹം ഇങ്ങനെ പറയുന്നുണ്ട്. ‘ വെളളം കോരുന്നവനും വിറക് വെട്ടുന്നവനുമല്ല ചരിത്രം സൃഷ്ടിച്ചത്. വെള്ളം കോരിച്ചവനും വിറക് വെട്ടിച്ചവനുമാണ്… അയ്യങ്കാളിക്ക് തന്റെ വൈഭവം ചരിത്രത്തിൽ വിപുലമായ രീതിയിൽ എഴുതിച്ചേർക്കാൻ ആകാത്തത് അദ്ദേഹത്തിൻറെ പാണ്ഡിത്യത്തിന്റെ അഭാവം മൂലമായിരുന്നു. എന്നാൽ അംബേദ്കര്ക്ക്ത് അതിന് കഴിഞ്ഞു. അതിന് കാരണം അദ്ദേഹം നേടിയ ഉയർന്ന ആധുനിക വിദ്യാഭ്യാസമാണ്.
അന്നത്തെ വ്യവസ്ഥിതി കാരണം കുറച്ചൊക്കെ നിസ്സാഹയനായി മാറിയിട്ടും, കുഞ്ഞാമന് എന്ന ദളിതൻ തളർന്ന് പോയില്ല. പരാജയങ്ങളിൽ നിന്നും പാഠങ്ങൾ പഠിച്ച അദ്ദേഹം ഡോക്റ്റർ എം. കുഞ്ഞാമൻ ആയതും അത് കൊണ്ടുതന്നെയാണ്. ദളിതരുടെ അതിജീവനത്തിന്റെ ഒരു പകര്‍പ്പായിരുന്നു എം. കുഞ്ഞാമന്റെ ‘എതിര്’ എന്ന ജീവചരിത്രം. എതിരിന് ലഭിച്ച കേരള സാഹിത്യ അക്കാദമി അവാര്‍ഡ് 2021ല്‍ അദ്ദേഹം നിരസിക്കുകയും ചെയ്തിരുന്നു എന്നത് കൂടെ ഈ അവസരത്തിൽ ഓർക്കേണ്ടതുണ്ട്. സാഹചര്യങ്ങളോട് പടവെട്ടി ജയിച്ചു വന്ന, മഹാനായ ആ സാമ്പത്തിക ശാസ്ത്രജ്ഞന് ആദരാഞ്ജലികൾ…