കയ്യടിയും ആഘോഷവും ഇനിയില്ല; ഹൈറിച്ച് കമ്പനി ഉടമയെ ജിഎസ്ടി ഇന്റലിജൻസ് അറസ്റ്റ് ചെയ്തു
മൂടി വെക്കാൻ ശ്രമിച്ച ഒരു വാർത്ത ഇപ്പോൾ പുറത്തായിട്ടുണ്ട്. 126 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് തൃശൂർ ആസ്ഥാനമായുള്ള മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനിയുടെ ഡയറക്ടറെ സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തു. ഇത് കേരളത്തിലെ ജിഎസ്ടി വകുപ്പ് ഇന്നേവരെ കണ്ടെത്തിയ ഏറ്റവും വലിയ വെട്ടിപ്പ് കേസാണ് എന്നാണ് അറിയുന്നത്. ജിഎസ്ടി വകുപ്പ് വളരെ രഹസ്യമായിട്ടായിരുന്നു ഇദ്ദേഹത്തെ കുടുക്കാനുള്ള നീക്കങ്ങൾ നടത്തിയത്.
ആറാട്ടുപുഴ നെരുവിശ്ശേരി ആസ്ഥാനമായുള്ള ഹൈറിച്ച് ഓൺലൈൻ ഷോപ്പ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ പ്രതാപൻ കോലാട്ട് ദാസനെയാണ് ജിഎസ്ടി വകുപ്പിലെ ഇന്റലിജൻസ് കാസർകോട് യൂണിറ്റ് അറസ്റ്റ് ചെയ്തത്. കുറച്ചു ദിവസങ്ങൾ മുന്നേ നടന്ന സംഭവം പുറത്തു വരാതെ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. ‘സാധാരണയായി, 5 കോടിയിലധികം രൂപയുടെ നികുതിവെട്ടിപ്പ് കേസുകളിൽ ജി എസ് ടി വകുപ്പ് പത്രക്കുറിപ്പ് ഇറക്കാറുണ്ട്. എന്നാൽ ഹൈറിച്ചിന്റെ കാര്യത്തിൽ അത് ഉണ്ടായിട്ടില്ല.
എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതാപനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ജിഎസ്ടി വെട്ടിപ്പ് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നവംബർ 24ന് ജിഎസ്ടി ഇന്റലിജൻസ് കാസർകോട് യൂണിറ്റ് ആറാട്ടുപുഴയിലെ ഹൈറിച്ച് ഓൺലൈൻ ഷോപ്പിന്റെ ഓഫീസിൽ റെയ്ഡ് നടത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കമ്പനി 703 കോടി രൂപയുടെ വിറ്റുവരവ് കുറച്ചു കാണിക്കുക വഴി 126.54 കോടി രൂപ നികുതി വെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കമ്പനി ഡയറക്ടർമാരായ പ്രതാപനെയും, ഭാര്യ ശ്രീന കെ എസിനെയും നവംബർ 30 ന് തൃശ്ശൂരിലെ ഓഫീസിലേക്ക് വിളിപ്പിച്ചു. പിന്നീടാണ് അറസ്റ്റ് ഉണ്ടായത്. സ്ഥാപനത്തിന് 15 ശതമാനം പിഴയും ചുമത്തിയിട്ടുണ്ട്. 75 കോടിയുടെ ബാധ്യത തീർക്കാനാള്ളപ്പോഴാണ് സ്ഥാപനത്തിന്റെ മുതലാളിയെ അറസ്റ്റ് ചെയ്യുന്നത് . കമ്പനിക്ക് മറ്റ് സംസ്ഥാനങ്ങളിൽ പ്രവർത്തനമുണ്ടെന്നും വിറ്റുവരവ് കൂടുതലാകാൻ സാധ്യതയുണ്ടെന്നുമാണ് ജിഎസ്ടി വകുപ്പിന്റെ വിലയിരുത്തൽ. കമ്പനിയുടെ ഡയറക്ടർമാർ ഈ കുറ്റം സമ്മതിച്ചതായാണ് വിവരം.
ഹൈറിച്ച് ഓൺലൈൻ കമ്പനിയുടെ പേരിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതി നേരത്തെ പൊലീസിന് മുന്നിലും എത്തിയിരുന്നു. തൃശൂർ കണിമംഗലം വലിയാലുക്കലിൽ പ്രവർത്തിക്കുന്ന ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലുള്ള കമ്പനിക്കെതിരെ പയ്യന്നൂരിലെ ഒരു വ്യക്തിയാണ് പരാതി കൊടുത്തത്. തട്ടിപ്പിൽ മുഖ്യമന്ത്രിക്ക് നൽകിയ പരാതി തുടരന്വേഷണത്തിനായി പയ്യന്നൂർ പൊലീസിന് കൈമാറുകയായിരുന്നു.
പയ്യന്നൂരിൽ സംഘടിപ്പിച്ച നിക്ഷേപ സംഗമത്തിൽനിന്നും ലഭിച്ച ലഘുലേഖകളും ഹൈറിച്ച് എന്ന കമ്പനിയുടെ രണ്ട് വർഷത്തെ ബാലൻസ് ഷീറ്റുൾപ്പെടെയുള്ള രേഖകളും പരാതിക്കാരൻ പൊലീസിന് കൈമാറിയിരുന്നു. ഗ്രീൻകോ സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുണ്ടാക്കി സാമ്പത്തിക തട്ടിപ്പ് നടത്തി ജയിൽ വാസവും പിഴയുമൊടുക്കേണ്ടി വന്നയാളാണ് കമ്പനിയുടെ സാരഥിയെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപ മൂലധനത്തിൽ 2019 ഒക്ടോബർ ഇരുപത്തിരണ്ടിനാണ് ഹൈറിച്ച് കമ്പനി രജിസ്റ്റർ ചെയ്തത്. ഇവർക്ക് ഹൈറിച്ച് നിധി, ഹൈറിച്ച് സ്മാർടെക് എന്നിങ്ങനെ രണ്ടു കമ്പനികൾ കൂടി ഉണ്ട്. വലിയ വാഗ്ദാനങ്ങൾ നൽകി ഇവർ പൊതുജനത്തെ പറ്റിച്ച് കൊണ്ടിരിക്കുകയാണെന്നും മൾട്ടി ലെവൽ മാർക്കറ്റിങ് മാതൃകയിലുള്ള ഈ തട്ടിപ്പിനെതിരെ നടപടിയെടുക്കണം എന്നുമായിരുന്നു മുഖ്യമന്ത്രിക്ക് നൽകിയ പരാതി. ആർ ബി ഐയ്ക്കും പരാതി കൊടുത്തിരുന്നെങ്കിലും ഇതിലൊന്നും നടപടികളുണ്ടായില്ല. ഇതിനിടെയാണ് ജി എസ് ടി വകുപ്പിന്റെ ഇടപെടലും അറസ്റ്റും നടന്നത്. പുതിയതായി തുടങ്ങിയ ഒടിടി കമ്പനിയിലും കുറേപ്പേർ ലക്ഷങ്ങൾ മുടക്കിയിരുന്നു. ഈ മുതലാളിമാർ പല സിനിമ, മിമിക്രി താരങ്ങളുടെ കൂടെ നിന്നുള്ള ആഘോഷങ്ങളും ഈയിടെ നമ്മൾ കണ്ടതാണ്. അന്ന് ഹൈറിച്ച് കമ്പനി പറഞ്ഞത് ഒടിടി യിൽ ഞങ്ങൾ എല്ലാവരെയും ചേർക്കുന്നില്ല, വിഐപി അംഗങ്ങളെ മാത്രമാണ് അതിൽ ചേർക്കുന്നത് എന്നാണ്. ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന പലരും അതിൽ 5 ലക്ഷം രൂപ വരെ നിക്ഷേപം നടത്തിയതായാണ് അറിയുന്നത്. അവരുടെ പൈസയെങ്കിലും തിരികെ കൊടുത്താൽ മതിയായിരുന്നു.
ഈ നാട്ടിൽ മണ്ടന്മാർ ഉള്ളിടത്തോളം കാലം ക്യൂനെറ്റും, ആംവേയും ഹൈറിച്ചും അങ്ങനെ കാശുണ്ടാക്കിക്കൊണ്ടിരിക്കും. ഒരുനാൾ പിടിക്കപ്പെടും വരെ അവരങ്ങനെ സമൂഹത്തിൽ തിളങ്ങി നിൽക്കും. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷിക്കപ്പെട്ട ആളാണ് ഈ പറയുന്ന പ്രതാപൻ. നേരത്തെ അദ്ദേഹം നടത്തിയിരുന്ന ഗ്രീൻകോ സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് പൊതുജനങ്ങളുടെ പൈസ കൊള്ളയടിച്ചതിൻറെ പേരിൽ അടച്ചുപൂട്ടിയത്. എന്നിട്ടും പ്രതാപന്റെ സ്ഥാപനത്തിൽ ചേരാൻ കുറെ മണ്ടന്മാർ തയ്യാറായിരുന്നു.
ഗ്രീൻകോ സെക്യൂരിറ്റിസിൽ നിന്നും പഠിച്ച തട്ടിപ്പിന്റെ അടവുകൾ, കുറേക്കൂടി മെച്ചപ്പെട്ട രീതിയിൽ പ്രയോഗിക്കുന്ന ഒരു സ്ഥലമാണ് ഹൈറിച്ച് എന്ന സ്ഥാപനം. ഗ്രീൻകോ യിൽ നിന്നും 16 കോടി രൂപയോളം വെട്ടിപ്പ് നടത്തിയ ആളുകൾ വീണ്ടും അതേപോലെ ഒരെണ്ണം തുടങ്ങുന്നു. ചുളുവിൽ ധനികനാകാൻ അവസരം കാത്തിരിക്കുന്ന ആളുകൾ ഇനിയും ഉണ്ടെന്ന് അവർക്കറിയാം. പരിശീലനം ലഭിച്ച ഈ കള്ളന്മാർക്ക് അത്തരം ആളുകളെ വലയിൽ വീഴ്ത്താൻ വളരെ എളുപ്പമാണ്.
നിക്ഷേപങ്ങൾക്ക് 48% ലാഭമാണ് ഇവർ ഓഫർ ചെയ്യുന്നത്. ഇത്രയും ലാഭവിഹിതം ഓരോ യൂണിറ്റ് എടുത്ത ആൾക്ക് നൽകണമെങ്കിൽ കമ്പനി ഒരു 60% ത്തിൽ കൂടുതൽ ലാഭം കിട്ടുന്ന ബിസിനസ്സിൽ ഏർപ്പെടേണ്ടിവരും. സാമാന്യ ബുദ്ധി വെച്ച് ആലോചിച്ചാൽ അറിയാം ഇതെല്ലാം ക്ലൈന്റിസിനെ വീഴ്ത്താനുള്ള വിദ്യകൾ മാത്രമാണെന്നത്. ഇത്രയും റിട്ടേൺ ബിസിനസ്സിലൂടെ നൽകാൻ കഴിയുന്നുണ്ടെങ്കിൽ പിന്നെ എന്തിനാണ് പുതിയ ആളുകളുടെ പിന്നാലെ യൂണിറ്റ് എടുക്കാൻ വേണ്ടി വാഗ്ദാനങ്ങളുമായി പോവുന്നത് ? നിയമപരമായി 48 % റിട്ടേൺ നൽകുന്നു എന്നു പറഞ്ഞ് ഒരു പരസ്യം നൽകിയാൽ പോരേ.. സ്വാഭാവികമായും ആളുകൾ തള്ളിക്കയറും. അപ്പോൾ കാര്യങ്ങൾ ഇതൊന്നുമല്ല. വെറുമൊരു മണി ചെയിൻ കമ്പനി മാത്രമാണ് ഹൈറിച്ച്. പുതിയ ആളുകൾ ചേരുമ്പോൾ അവരുടെ പണം ഉടമകൾക്കും നിക്ഷേപകർക്കുമായി വീതം വെക്കപ്പെടുന്നു. ഒരിക്കൽ ചേർന്നാൽ ഇതിന്റെ പ്രവർത്തനം അറിയാവുന്നവർ തങ്ങളുടെ പണം നഷ്ടപ്പെടാതിരിക്കാൻ പുതിയ ആളുകളെ ചേർക്കാൻ ഓടി നടക്കുന്നു. അല്ലാത്തവർ ആഴ്ച തോറും കിട്ടുന്ന ചെറിയ പണം കണ്ട് സന്തോഷിക്കുന്നു. നിങ്ങൾ മുടക്കുന്ന പണം കുറേശ്ശേയായി നിങ്ങൾക്ക് ആഴ്ച തോറും നൽകുന്നു. ഈ ചങ്ങല പൊട്ടിയാൽ അതോടെ എല്ലാം നിന്നുപോകും. ആരെങ്കിലും നിങ്ങളെ ഇത്തരം ബിസിനസിൽ ചേർക്കാൻ വരുമ്പോൾ ചിന്തിക്കുക.. അവർക്ക് വേണ്ടുവോളം പൈസ കിട്ടിയത് കൊണ്ട്, ഇനി നിങ്ങളെ പണക്കാരനാക്കാൻ വരുന്നതാണോ? അല്ല.. മുടക്കിയ പണം തിരികെ പിടിക്കാൻ അടുത്ത ഇരയെ തേടി ഇറങ്ങിയതാണ് അവർ. നിങ്ങൾ അതിൽ ചേരുന്നതോടെ നിങ്ങളും വേട്ടക്കാരായി മാറുകയാണ്. അടുത്ത ബന്ധുക്കളും, കൂട്ടുകാരുമായിരിക്കും നിങ്ങളുടെ ഇരകൾ. മാന്യമായി ജോലി ചെയ്തു, ന്യായമായ കൂലി വാങ്ങുന്നതിലും വലിയ സന്തോഷം ഈ പിരമിഡ് ബിസിനസ്സിലൂടെ നിങ്ങൾക്ക് കിട്ടില്ല.. പ്രതാപനും ശ്രീനായും അകത്തായാലും ഇത്തരം തട്ടിപ്പുകൾ തീരില്ല. പുതിയ പ്രതാപന്മാർ പല രൂപത്തിൽ ഭാവത്തിൽ, വേഷത്തിൽ നിങ്ങളെ തേടിയെത്തും.. കഴിവതും ഇത്തരക്കാരിൽ നിന്നും ഒഴിഞ്ഞുമാറി നിൽക്കുക. ബ്ലാക്ക് ക്യാറ്റ് കമാണ്ടോകളുടെ അകമ്പടിയോടെ, ബിഎംഡബ്ലിയു കാറിൽ കൈവീശികാണിച്ച് വരുന്ന കോട്ടും സ്യൂട്ടും ഇട്ടവരെ കണ്ട് ജയ് വിളിക്കുന്ന മണ്ടന്മാരുടെ എണ്ണം ഇനിയെങ്കിലും കുറയും എന്ന് കരുതാം. ഓഡി കാറും ലക്ഷ്വറി വാച്ചും ഇല്ലെങ്കിലും നിങ്ങൾക്ക് മനസമാധാനം ഉണ്ടാകും…ഇതേ വിഷയത്തിൽ രണ്ട് വീഡിയോ നേരത്തെ ചെയ്തിരുന്നു. അപ്പോൾ പറഞ്ഞതെ ഇന്നും പറയാനുള്ളൂ. എളുപ്പത്തിൽ കാശുണ്ടാക്കാൻ പറ്റില്ല എന്നത് സത്യമാണ്. സൂക്ഷിച്ചാൽ ദുഖിക്കേണ്ട..