മാറനല്ലൂര്‍ ആക്രമണം: മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ റിമാൻഡില്‍

കോണ്‍ഗ്രസ് നേതാവിന്റെ വീടും പതിനഞ്ചോളം വാഹനങ്ങളും അടിച്ചു തകര്‍ത്ത കേസില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ റിമാൻഡില്‍.
മാറനല്ലൂര്‍ മേലാരിയോട് ദിലീപ് ഭവനില്‍ പ്രദീപ് (37), മേലാരിയോട് ചാനല്‍ക്കര പുത്തന്‍വീട്ടില്‍ വിഷ്ണു (32), വണ്ടന്നൂര്‍ പാപ്പാകോട് കിഴക്കുംകര പുത്തന്‍വീട്ടില്‍ അഭിശക്ത് (29) എന്നിവരെയാണ് കാട്ടാക്കടകോടതി റിമാൻഡ് ചെയ്തത്.
തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടുകൂടിയാണ് കാറിലെത്തിയ മൂന്നംഗ സംഘം മാരാകായുധങ്ങളുമായി കോണ്‍ഗ്രസ് നേതാവ് മഞ്ഞറമൂല സ്വദേശി കുമാറിന്റെ വീടിന്റെ ജനല്‍ ഗ്ലാസ് തല്ലി തകര്‍ക്കുകയും വാളുകാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തുടര്‍ന്ന്, മണിക്കൂറുകളോളം പ്രതികള്‍ പഞ്ചായത്തിലെ കിലോമീറ്ററുകളോളം ദൂരത്ത് അക്രമം അഴിച്ചുവിട്ടു. അക്രമികളുടെ തേര്‍വാഴ്ച കാരണം വീട്ടുകാര്‍ വീട്ടില്‍തന്നെ ഭയത്തോടെ കഴിയേണ്ട സ്ഥിതിയാണുണ്ടായത്. അക്രമംനടത്തിയ സ്ഥലങ്ങളില്‍ ചൊവ്വാഴ്ച പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി.