നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തു; മുൻ സര്‍ക്കാര്‍ അഭിഭാഷകനെതിരായ ആരോപണം ഗുരുതരമെന്ന് ഹൈക്കോടതി; കേസ് നാളെ വീണ്ടും പരിഗണിക്കും
മുൻ സര്‍ക്കാര്‍ പ്ലീഡര്‍ പിജി മനു പ്രതിയായ ബലാത്സംഗ ആരോപണം ഗുരുതരമെന്ന് ഹൈക്കോടതി. കേസ് നാളെ വീണ്ടും പരിഗണിക്കും.
അതിജീവിതയോട് സംസാരിക്കാൻ കോടതിയിലെ മുതിര്‍ന്ന വനിതാ അഭിഭാഷകയെ അയക്കുന്ന കാര്യം പരിഗണിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അതിജീവിതയുടെ അഭിഭാഷകനോടും കോടതി മറുപടി തേടിയിട്ടുണ്ട്. അതിജീവിതയുടെ ശാരീരിക മാനസിക അവസ്ഥയില്‍ ഡോക്ടറുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിലവിലെ സാഹചര്യത്തില്‍ അടച്ചിട്ട കോടതിയില്‍ വാദം കേള്‍ക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
യുവതിയുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. 2018 ല്‍ നടന്ന പീഡന കേസില്‍ ഇരയായ യുവതി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശത്തിനായി അഭിഭാഷകനായ പി ജി മനുവിനെ സമീപിക്കുന്നത്. തുടര്‍ന്ന് കേസില്‍ സഹായം നല്‍കാമെന്നു ധരിപ്പിച്ചു കടവന്ത്രയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് യുവതി പോലീസിന് നല്കിയ പരാതിയില്‍ പറയുന്നത്.
ചോറ്റാനിക്കര പോലീസ് കേസ് എടുത്തതിന് പിറകെ അഡ്വക്കറ്റ് ജനറല്‍ രാജി ആവശ്യപ്പെടുകയായിരുന്നു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് യുവതിയെ ബലാത്സഗം ചെയ്തെന്ന ആരോപണം ഗൗരവമുള്ളതാണെന്ന് കണ്ടെത്തിയാണ് പിജി മനുവിനോട് അഡ്വക്കറ്റ് ജനറല്‍ രാജി ആവശ്യപ്പെട്ടത്. സര്‍ക്കാറിനായി നിരവധി ക്രിമിനല്‍ കേസുകളില്‍ ഹാജരായ വ്യക്തിയില്‍ നിന്ന് ഒരു തരത്തിലും സംഭവിക്കാൻ പാടില്ലാത്ത പ്രവൃത്തിയാണ് ഉണ്ടായതെന്നും എജി ഓഫീസ് വിലയിരുത്തി.
കേസില്‍ 5 വര്‍ഷമായിട്ടും നടപടിയാകാതെ വന്നതോടെയാണ് നിയമ സഹായത്തിനായി പോലീസ് നിര്‍ദ്ദേശപ്രകാരം സര്‍ക്കാര്‍ അഭിഭാഷകനായ പിജി മനുവിനെ സമീപിച്ചതെന്നാണ് യുവതി നല്കിയ മൊഴി. ഇക്കഴിഞ്ഞ ഒക്ടോബര്‍ 9ന് അഭിഭാഷകന്റെ ആവശ്യപ്രകാരം കടവന്ത്രയിലെ ഓഫീസിലെത്തിയപ്പോള്‍ മാനഭംഗപ്പെടുത്തിയെന്നും പിന്നീട് തന്റെ വീട്ടിലെത്തി ബലാത്സംഗം ചെയ്തെന്നും രഹസ്യ ഭാഗങ്ങളുടെ ഫോട്ടോ എടുത്തെന്നും മൊഴിയിലുണ്ട്. അഭിഭാഷകൻ അയച്ച വാട്സ് ആപ് ചാറ്റുകള്‍, ഓഡിയോ സംഭാഷണം എന്നിവ തെളിവായി പോലീസിന് കൈമാറിയിട്ടുണ്ട്.