പിഴയടച്ചിട്ടും റോബിന് കുരുക്ക്; കോടതി ഉത്തരവുണ്ടായിട്ടും ബസ് വിട്ടുകൊടുക്കാതെ പൊലീസ്
കസ്റ്റഡിയിലെടുത്ത റോബിൻ ബസ് പൊലീസ് വിട്ടുനല്‍കുന്നില്ലെന്ന് ഉടമ ഗിരീഷ്. കോടതി ഉത്തരവുണ്ടായിട്ടും ബസ് വിട്ടുനല്‍കുന്നില്ല. ആര്‍ടിഒ നിര്‍ദ്ദേശം ലഭിച്ചാല്‍ മാത്രമേ ബസ് വിട്ടുനല്‍കൂ എന്നുമാണ് പൊലീസ് അറിയിച്ചതെന്ന് ഉടമ ഗിരീഷ് വ്യക്തമാക്കി. പിഴകള്‍ എല്ലാം അടച്ചതിനെ തുടര്‍ന്ന് ബസ് വിട്ടുകൊടുക്കാൻ പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഗിരീഷ് ബസ് തിരിച്ചെടുക്കാൻ പൊലീസ് സ്റ്റേഷനില്‍ എത്തിയത്.
‘കോടതി ഉത്തരവുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഇതിന്റെ ഇൻവെന്ററി തയ്യാറാക്കാൻ ഇവര്‍ തയ്യാറാകുന്നില്ല. ഇൻവെന്ററി തയ്യാറാക്കാൻ ആവശ്യപ്പെട്ടപ്പോള്‍, അതൊന്നും ഞങ്ങളുടെ ഉത്തരവാദിത്തമല്ല എന്നാണ് പറഞ്ഞത്. ഇനി ബസ് വിട്ടുനല്‍കണമെങ്കില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തണം’- ഗിരീഷ് പറഞ്ഞു.
‘പിഴയായി 82000 രൂപ അടച്ചു. ഇവര്‍ എനിക്കെതിരെ ആരോപിച്ച കുറ്റം എന്താണോ, അത് കുറ്റമല്ലെന്ന് ഹൈക്കോടതി ഉത്തരവിന്റെ അകത്ത് കൃത്യമായി പറയുന്നുണ്ട്. ഇപ്പോള്‍ ഉണ്ടായ സംഭവങ്ങളെ കുറിച്ച് പത്തനംതിട്ട കോടതിയില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. അങ്ങനെയാണ് ഉത്തരവ് വന്നിരിക്കുന്നത്. എന്നിട്ടും ഇത് എങ്ങനെയെങ്കിലും പരമാവധി താമസിപ്പിക്കണം. അതാണ് അവരുടെ ആവശ്യം. അത് അവര്‍ നന്നായി ചെയ്യുന്നുണ്ട്’- ഗിരീഷ് പറഞ്ഞു.