യാത്രക്കാരുമായി റഷ്യന്‍ വിമാനം ലാൻഡ് ചെയ്തത് തടാകത്തില്‍
30 യാത്രക്കാരുമായി റഷ്യൻ വിമാനം ലാൻഡ് ചെയ്തത് തണുത്തുറഞ്ഞ തടാകത്തില്‍. കിഴക്കന്‍ റഷ്യയിലെ സിരിയങ്ക ഗ്രാമത്തിലൂടെ ഒഴുകുന്ന നിരവധി കൈവഴികളുള്ള കോളിമ നദിയിലാണ് പോളാര്‍ എയര്‍ലൈൻസിന്റെ അന്റോനോവ് എ. എൻ-24 ആര്‍വി വിമാനം (ആര്‍എ-47821) ലാന്റ് ചെയ്തത്.
മഞ്ഞ് മൂടിയ നിലയിലായിരുന്നു കോളിമ നദി. നദിയുടെ ഏതാണ്ട് ഒത്ത നടുവിലായാണ് വിമാനം ലാന്റ് ചെയ്തത്. നദിയുടെ ഉപരിതലത്തിലിറങ്ങിയ വിമാനത്തില്‍ നിന്ന് യാത്രക്കാര്‍ പുറത്തിറങ്ങുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
നദിക്കു സമീപമുള്ള സിരിയങ്ക വിമാനത്താവളത്തിലാണ് വിമാനമിറങ്ങേണ്ടിയിരുന്നത്. കനത്ത മഞ്ഞുവീഴ്ചയായതിനാല്‍ പൈലറ്റിന് റണ്‍വേ കാണാനായില്ല. റണ്‍വേ അടയാളപ്പെടുത്തുന്ന ലൈറ്റുമില്ലായിരുന്നു. അതിനാല്‍ റണ്‍വേ തിരിച്ചറിയാനാവാതെ നദിയില്‍ ലാൻഡ് ചെയ്യുകയായിരുന്നു. ലാൻഡിങ്ങിലെ പിഴവ് പൈലറ്റിന്റെ അശ്രദ്ധമൂലമാണെന്ന് സൈബീരിയൻ ഗതാഗത വകുപ്പ് അറിയിച്ചു.