രാജ്യാന്തര മാരിടൈം ഹബ്ബായി കൊച്ചി മാറുമെന്ന് പ്രധാനമന്ത്രി; 4,000 കോടിയുടെ പദ്ധതികള്‍ രാജ്യത്തിനു സമര്‍പ്പിച്ചു
കൊച്ചി കപ്പല്‍ശാലയിലെ 4,000 കോടിയുടെ വികസനപദ്ധതികള്‍ രാജ്യത്തിനു സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
പദ്ധതികള്‍ രാജ്യത്തിനും കേരളത്തിനും ദക്ഷിണേന്ത്യയ്ക്കും വികസനക്കുതിപ്പാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ന് സൗഭാഗ്യത്തിന്റെ ദിനമാണെന്നും കേരളത്തിന്റെ വികസനോത്സവത്തില്‍ പങ്കെടുക്കാൻ അവസരം ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കപ്പല്‍ നിര്‍മാണരംഗത്തും തുറമുഖ രംഗത്തും രാജ്യം വലിയ പുരോഗതി നേടിയിട്ടുണ്ട്. രാജ്യാന്തര തലത്തില്‍ പോലും അത് പ്രശംസനീയമായ നേട്ടത്തിലെത്തിച്ചു. ചരക്കുകപ്പലുകള്‍ക്ക് പോര്‍ട്ടില്‍ കാത്തു കിടക്കേണ്ട സാഹചര്യം ഒഴിവായി.
പുതിയ പദ്ധതികള്‍ കപ്പല്‍ അറ്റകുറ്റപ്പണിക്ക് വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയില്‍ നിന്നും മാറ്റമുണ്ടാക്കും. ഷിപ്പ് റിപ്പയറിംഗ് രംഗത്ത് രാജ്യാന്തര തലത്തില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഹബ്ബായി ഇന്ത്യ മാറുകയാണ്. അതിന്റെ പ്രധാനപ്പെട്ട പ്രയോജനം കേരളത്തിനു കൂടി ലഭിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ ഷിപ്പിംഗ് മാരിടൈം രംഗത്തെ ഒരു വലിയ പദ്ധതിയാണ് ഇപ്പോള്‍ ഉദ്ഘാടനം നടത്തുന്നതെന്നും കൂടുതല്‍ പദ്ധതികള്‍ വരുന്നതോടെ രാജ്യാന്തര തലത്തില്‍ പ്രധാനപ്പെട്ട ഒരു മാരിടൈം ഹബ്ബായി കൊച്ചി മാറുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.