രാജസ്ഥാനിലെ കോട്ടയില്‍ 19കാരൻ മരിച്ച നിലയില്‍; കഴിഞ്ഞ വര്‍ഷം ജീവനൊടുക്കിയത് 27 വിദ്യാര്‍ത്ഥികള്‍
രാജസ്ഥാനിലെ കോട്ടയില്‍ നീറ്റ് കോച്ചിംഗ് നടത്തി വരികയായിരുന്ന 19കാരനെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുപി മൊറാദാബാദ് സ്വദേശിയാണ് മരിച്ചത്. വിദ്യാർത്ഥി ജീവനൊടുക്കിയാതാകാമെന്ന സംശയത്തിലാണ് പോലീസ്. ചൊവ്വാഴ്ചയാണ് സംഭവം. 2023ല്‍ കോട്ടയില്‍ 27 വിദ്യാര്‍ത്ഥികളാണ് ജീവനൊടുക്കിയത്. 2024ലെ ആദ്യത്തെ സംഭവമാണിതെന്നും റിപ്പോര്‍ട്ടുണ്ട്.
” കഴിഞ്ഞ രണ്ട് വര്‍ഷമായി കുട്ടി കോട്ടയില്‍ നീറ്റ് പരീക്ഷയ്ക്കായി പരിശീലനം നേടി വരികയായിരുന്നു. ചൊവ്വാഴ്ച കുട്ടിയുടെ മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. വൈകുന്നേരമായിട്ടും മുറി തുറക്കാത്തത് ശ്രദ്ധയില്‍പ്പെട്ട ചില വിദ്യാര്‍ത്ഥികള്‍ ആദ്യം കതകില്‍ തട്ടി വിളിച്ച് നോക്കി. എന്നാല്‍ ഒരു പ്രതികരണവും ഉണ്ടായില്ല. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസെത്തി വാതില്‍ തകർത്ത് അകത്ത് കടന്നപ്പോഴാണ് വിദ്യാർത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്,” ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഭവാനി സിംഗ് പറഞ്ഞു.
മുറിയില്‍ നിന്ന് കുറിപ്പുകളൊന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ” മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. കുട്ടിയുടെ പെരുമാറ്റത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ എന്തെങ്കിലും അസ്വാഭാവികത ഉണ്ടായിരുന്നോ എന്നകാര്യം അന്വേഷിച്ച് വരികയാണ്. അതോടൊപ്പം ഹോസ്റ്റല്‍ റൂമുകളിലെ സീലിംഗ് ഫാനില്‍ സ്പ്രിംഗ് ലോഡഡ് ഡിവൈസ് സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം ഹോസ്റ്റല്‍ അധികൃതർ പാലിക്കാത്തത് എന്തുകൊണ്ടാണെന്ന കാര്യവും അന്വേഷിക്കും,” എന്ന് ഭവാനി സിംഗ് പറഞ്ഞു.