ഇന്ത്യക്ക് ഗ്രാമി തിളക്കം; ഗ്ലോബല്‍ മ്യൂസിക് ആല്‍ബം അവാര്‍ഡ് നേടി ശങ്കര്‍ മഹാദേവന്റെയും സക്കീര്‍ ഹുസൈന്റെയും ബാൻഡ്
ലോക സംഗീത രംഗത്തെ ജനപ്രിയ പുരസ്കാരമായ ഗ്രാമി അവാർഡില്‍ തിളങ്ങി ഇന്ത്യ. 2024ലെ മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബത്തിനുള്ള പുരസ്കാരം കരസ്ഥമാക്കി ശങ്കർ മഹാദേവന്റെയും സക്കീർ ഹുസൈന്റെയും ബാൻഡായ ‘ശക്തി’. ‘ദിസ് മൊമെന്റ്’ എന്ന ആല്‍ബമാണ് പുരസ്കാരം സ്വന്തമാക്കിയത്.
ഗായകൻ ശങ്കർ മഹാദേവനെ കൂടാതെ ഗിറ്റാറിസ്റ്റ് ജോണ്‍ മക്ലാഫ്ലിൻ, വയലിനിസ്റ്റ് ഗണേഷ് രാജഗോപാലൻ, താളവാദ്യ വിദഗ്ധന്‍ വി സെല്‍വഗണേഷ്, എന്നിവർ ചേർന്നാണ് ദിസ് മൊമന്റിന് രൂപം നല്‍കിയത്. കഴിഞ്ഞ വര്‍ഷമാണ് ആല്‍ബം പുറത്തിറക്കിയത്. ശങ്കർ മഹാദേവനും ഗണേഷ് ഗോപാലും ചേർന്ന് അവാർഡ് വാങ്ങുന്ന ചിത്രം ഗ്രാമിയുടെ ഔദ്യോഗിക എക്സ് ഹാൻഡിലില്‍ പങ്കുവെച്ചിരുന്നു.
ഓടക്കുഴല്‍ വിദഗ്ധന്‍ രാകേഷ് ചൗരസ്യക്കും പുരസ്കാരമുണ്ട്. ഇത്തവണത്തെ അംഗീകാരത്തോടെ സക്കീര്‍ ഹുസൈന് ഇത് മൂന്നാമത്തെ ഗ്രാമി പുരസ്കാരമാണ്. രാകേഷ് ചൗരസ്യക്ക് രണ്ടാം തവണയാണ് ഗ്രാമി അംഗീകാരമെത്തുന്നത്.
മികച്ച പോപ്പ് വോക്കല്‍ ആല്‍ബം ടെയ്ലർ സ്വിഫ്റ്റിന്റെ ‘മിഡ്നൈറ്റ്സ്’ സ്വന്തമാക്കി. മികച്ച സോളോ പോപ്പ് പെര്‍ഫോമന്‍സിനുള്ള അവാര്‍ഡ് മിലി സൈറസിന് ലഭിച്ചു.
2022 ഒക്ടോബർ ഒന്ന് മുതല്‍ 2023 സെപ്തംബർ 15 വരെയുള്ള പാട്ടുകളാണ് പുരസ്കാരങ്ങള്‍ക്കായി മത്സരിച്ചത്.