മുഴുവന്‍ അതിദരിദ്രര്‍ക്കും പശുക്കള്‍ -മന്ത്രി ചിഞ്ചുറാണി
കേരളത്തിലെ മുഴുവന്‍ അതി ദരിദ്രര്‍ക്കും ക്ഷീര വികസന വകുപ്പ് പശുക്കളെ നല്‍കുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.
ചിഞ്ചുറാണി. ജില്ല ക്ഷീര സംഗമത്തിന്റെ ഭാഗമായി പിലാത്തറയില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. അതിദരിദ്രരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണിത്.
പശുവിനെ വാങ്ങുന്ന ലക്ഷം രൂപയില്‍ 94000 രൂപയും നല്‍കുന്നത് വകുപ്പാണ്. സമാന രീതിയില്‍ കയര്‍, തോട്ടം, മത്സ്യം എന്നീ മേഖലയിലെ തൊഴിലാളികളെയും ഉയര്‍ത്തിക്കൊണ്ടുവരും. തോട്ടം തൊഴിലാളികള്‍ക്ക് പശുക്കളെ നല്കുമ്ബോള് അവര്‍ താമസിക്കുന്ന ലയങ്ങളില്‍ തന്നെ പാല് വില്പന നടത്താം.
ഇതിലൂടെ വരുമാനവും വര്‍ധിക്കും. പാലുല്പാദനത്തില് കേരളം സ്വയം പര്യാപ്തതയുടെ അരികിലെത്തി. മാംസം, പച്ചക്കറി ഉല്പാദനത്തിലും സ്വയം പര്യാപ്തമാകാന്‍ കഴിയണം. പാല് ഉല്പാദന ക്ഷമതയില്‍ കേരളത്തിന് രണ്ടാം സ്ഥാനമാണ്. ഇന്ത്യയില്‍ ഏറ്റവും മികച്ച പാല് ലഭിക്കുന്നത് വടക്കന്‍ കേരളത്തിലാണ്.
ഉല്‍പ്പാദന ചെലവ് വര്‍ധിച്ചതോടെ കര്‍ഷകരുടെ നിരന്തര ആവശ്യപ്രകാരമാണ് പാലിന് ആറ് രൂപ കൂട്ടിയത്. ഇതില്‍ 5.13 രൂപയുടെ ഗുണവും കര്‍ഷകര്‍ക്കാണ് ലഭിക്കുന്നത്.
ബാക്കി മാത്രമാണ് ക്ഷീര സംഘങ്ങള്‍ക്കും മില്‍മക്കും ലഭിക്കുക-മന്ത്രി പറഞ്ഞു.