സിഇഒ വിജയ് ശേഖര്‍ ശര്‍മ ധനമന്ത്രിയെ കണ്ടു; കുതിച്ചുകയറി പേടിഎം ഓഹരി വില
ഇടിവിന് ശേഷം പേടിഎം ഓഹരികള്‍ വീണ്ടും തിരിച്ചുകയറി. നിയമപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കമ്ബനിയുടെ സിഇഒ വിജയ് ശേഖര്‍ ശര്‍മ, റിസര്‍വ് ബാങ്കുമായും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായും ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് പേടിഎം ഓഹരികള്‍ തിരിച്ചുകയറിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാപാരത്തിനിടെ പത്തുശതമാനത്തിന്റെ മുന്നേറ്റമാണ് പേടിഎം ഓഹരി കാഴ്ചവെച്ചത്.
വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ പേടിഎമ്മിന്റെ മാതൃ കമ്ബനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സ് 496.75 രൂപയായാണ് ഉയര്‍ന്നത്. ഇന്നലത്തെ ക്ലോസിങ് നിരക്കായ 451.60ല്‍ നിന്ന് പത്തുശതമാനമാണ് മുന്നേറിയത്. എന്നാല്‍ ഈ വിലയും തുടര്‍ച്ചയായി ഇടിവ് നേരിടുന്നതിന് മുന്‍പ് ജനുവരി 31ന് മുന്‍പുള്ള വിലയേക്കാള്‍ ഏറെ താഴെയാണ്. വ്യവസ്ഥകള്‍ പാലിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി പേടിഎം പേയ്മെന്റ്സ് ബാങ്ക് പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് വിലക്കി റിസര്‍വ് ബാങ്ക് ഉത്തരവ് വന്നതിന് പിന്നാലെയാണ് പേടിഎം ഓഹരിവില ഇടിയാന്‍ തുടങ്ങിയത്.
റിസര്‍വ് ബാങ്കുമായും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായും നടത്തിയ ചര്‍ച്ചയില്‍ വിജയ് ശേഖര്‍ കൂടുതല്‍ സമയം തേടിയതായാണ് റിപ്പോര്‍ട്ടുകള്‍.