ഭാരത് അരി തൃശൂരില്‍ മാത്രം,വില കുറഞ്ഞ രാഷ്ട്രീയം കളിക്കുന്നു; കേന്ദ്രത്തിനെതിരെ മന്ത്രി ജി ആര് അനില്‍
കേന്ദ്രസര്‍ക്കാരിന്റെ ഭാരത് അരി വിതരണത്തിനെതിരെ ഭക്ഷ്യമന്ത്രി ജി ആര് അനില്‍. അരി വിതരണത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ വില കുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ്. തൃശൂരില്‍ മാത്രമാണ് ഭാരത് അരി വിതരണം ചെയ്യുന്നത്. മറ്റെവിടെയും ഈ അരി വിതരണമില്ല. ഇതിനു പിന്നില്‍ രാഷ്ട്രീയമാണെന്ന് ഭക്ഷ്യമന്ത്രി കുറ്റപ്പെടുത്തി.
ഭാരത് റൈസ് വിതരണം രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണ്. മറ്റൊരു സംസ്ഥാനത്തും ഭാരത് അരി വിതരണമില്ല. കേന്ദ്രത്തിന്റെ നടപടി സങ്കുചിത രാഷ്ട്രീയമാണ്. നേരിട്ടുള്ള വിതരണം ഫെഡറല്‍ മര്യാദകളുടെ ലംഘനമാണ്. സപ്ലൈകോയില്‍ അരിയില്ലെന്ന അവസ്ഥ വരുമ്പോൾ ജനങ്ങളെ സംസ്ഥാന സര്‍ക്കാരിനെതിരെ തിരിക്കുന്ന നടപടിയാണിത്. സര്‍ക്കാരിനെതിരെ തിരിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന സങ്കുചിത നടപടിയാണിത്. റിലയന്‍സിനെ കേരളത്തിലെ മാര്‍ക്കറ്റില്‍ എത്തിക്കാനാണ് ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര നടപടി കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയണമെന്നും ഭക്ഷ്യമന്ത്രി ആവശ്യപ്പെട്ടു.
സപ്ലൈകോയില്‍ പ്രതിസന്ധി ഉണ്ടെങ്കിലും തൊഴിലാളികളെ പിരിച്ചു വിടില്ല. ഒരു കടയും അടച്ചുപൂട്ടില്ല. പ്രയാസങ്ങള്‍ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഭക്ഷ്യമന്ത്രി ജി ആര് അനില്‍ പറഞ്ഞു.