പ്രകോപനം ഉണ്ടായാല്‍ ദക്ഷിണ കൊറിയയെ പൂര്‍ണമായും നശിപ്പിക്കും : കിം ജോങ് ഉൻ
ദക്ഷിണ കൊറിയയുമായി നയതന്ത്രബന്ധം പുലർത്താൻ ആഗ്രഹമില്ലെന്ന് അറിയിച്ച് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. പ്രകോപിപ്പിച്ചാല്‍ തങ്ങളുടെ എതിരാളിയെ പൂർണമായും ഉന്മൂലനം ചെയ്യുമെന്നും ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ ആവർത്തിച്ചു പറഞ്ഞു.
സമീപ മാസങ്ങളില്‍ കൊറിയൻ ഉപദ്വീപില്‍ പിരിമുറുക്കങ്ങള്‍ വർദ്ധിച്ച സാഹചര്യത്തിലാണ് കിമ്മിന്റെ ഭീഷണി ഉയർന്നിരിക്കുന്നത്. വ്യാഴാഴ്ച ഉത്തരകൊറിയയുടെ പ്രതിരോധ മന്ത്രാലയം സന്ദർശിച്ചപ്പോള്‍, ദക്ഷിണ കൊറിയയുമായുള്ള ബന്ധം അവസാനിപ്പിക്കാനാണ് തന്റെ നീക്കങ്ങള്‍ എന്ന് എടുത്ത് പറഞ്ഞ കിം പ്രകോപനങ്ങള്‍ ഉണ്ടായാല്‍ എപ്പോള്‍ വേണമെങ്കിലും ആക്രമണം നടത്താൻ സൈന്യത്തെ അനുവദിക്കുന്നുവെന്ന് പറഞ്ഞിരുന്നു. നമ്മുടെ റിപ്പബ്ലിക്കിന്റെ തകർച്ചയ്ക്ക് ശ്രമിച്ച ദക്ഷിണ കൊറിയൻ പാവകളുമായുള്ള സംഭാഷണത്തിന്റെയും സഹകരണത്തിന്റെയും ആവശ്യകത ഇല്ലാതാക്കാൻ താൻ മുൻകൈ എടുത്തതായി കിം പറഞ്ഞതായി ഉത്തര കൊറിയൻ സെൻട്രല്‍ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.