സ്വര്‍ണ്ണഖനിയിലെ ഉരുള്‍പൊട്ടല്‍; ഫിലീപ്പിയന്‍സില്‍ മരണം 68 ആയി, 51 പേരെ കാണാനില്ല
തെക്കൻ ഫിലിപ്പൈൻസിലെ സ്വർണ്ണ ഖനന ഗ്രാമത്തില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 68 ആയി ഉയർന്നെന്നും 51 ഓളം പേരെ കാണാതായതായും 32 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായും അധികൃതർ അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ മണ്ണിടിച്ചിലില്‍ മിൻഡാനാവോ ദ്വീപിലെ പർവതപ്രദേശമായ മസാര ഗ്രാമത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇതിനിടെ 60 മണിക്കൂറോളം ഉരുള്‍പൊട്ടലിന് അടിയില്‍ കുടുങ്ങിപ്പോയ ഒരു മൂന്ന് വയസുകാരിയെ ജീവനോടെ രക്ഷപ്പെടുത്താന്‍ പറ്റിയത് രക്ഷാപ്രവര്‍ത്തകര്‍ക്ക് വലിയ ആശ്വാസമായി. അപകടം നടന്ന് 60 മണിക്കൂറിന് ശേഷവും കുട്ടിയെ ജീവനോടെ തിരിച്ച് കിട്ടിയത് ‘മഹാത്ഭുത’മെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ വിശേഷിപ്പിച്ചത്.
മിൻഡാനാവോ മേഖലയിലെ ദാവോ ഡി ഓറോ പ്രവിശ്യയിലെ മസാര എന്ന സ്വർണ്ണ ഖനന ഗ്രാമത്തിന് സമീപം കഴിഞ്ഞ ചൊവ്വാഴ്ചയാണ് അപകടം സംഭവിച്ചത്. അപകടത്തിന് പിന്നാലെ കാണാതായവര്‍ ഇതിനകം മരിച്ചിരിക്കാമെന്ന് കരുതുന്നതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടപ്പോഴും നിരവധി ആളുകള്‍ മണ്ണിനടിയിലാണ്. അതേസമയം 60 മണിക്കൂറിന് ശേഷം മൂന്ന് വയസുകാരിയെ ജീവനോടെ കണ്ടെത്തിയതില്‍ രക്ഷാപ്രവര്‍ത്തകര്‍ വലിയ സന്തോഷത്തിലാണ്.