ലീഗിന്റെ പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു; മൂന്നാം സീറ്റിന് പകരം മറ്റൊരു ഓഫര്‍ മുന്നോട്ടുവച്ച് കോണ്‍ഗ്രസ് നേതൃത്വം
മുസ്ലീം ലീഗിന്റെ ലോക്സഭാ സ്ഥാനാർത്ഥികളെ തീരുമാനിച്ചു. പാർട്ടിയുടെ രണ്ട് സിറ്റിംഗ് എംപിമാർക്കും ഇക്കുറിയും സീറ്റ് നല്‍കാനാണ് തീരുമാനം.
അതേസമയം, രണ്ടു സ്ഥാനാർത്ഥികളും മണ്ഡലങ്ങള്‍ വച്ചുമാറും. യുഡിഎഫിലെ ധാരണ അനുസരിച്ച് മലപ്പുറം, പൊന്നാനി ലോക്സഭാ മണ്ഡലങ്ങളിലാണ് ലീഗ് മത്സരിക്കുന്നത്. നിലവില്‍ പൊന്നാനിയിലെ എംപി ഇ.ടി. മുഹമ്മദ് ബഷീറും മലപ്പുറത്തെ എംപി അബ്ദുസമദ് സമദാനിയുമാണ്. എന്നാല്‍, ഇക്കുറി സമദാനി പൊന്നാനിയിലും ഇടി മലപ്പുറത്തും ജനവിധി തേടാനാണ് പാർട്ടി തീരുമാനം.
അതേസമയം, ലീഗിന് ഇത്തവണയും ലോക്സഭയിലേക്ക് മൂന്നാം സീറ്റ് ലഭിക്കില്ല. പകരം രാജ്യസഭയില്‍ രണ്ടാം സീറ്റ് നല്‍കാനാണ് യു.ഡി.എഫിലെ ധാരണയെന്നാണ് വിവരം. ജൂണില്‍ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ ഒന്നില്‍ യു.ഡി.എഫിന് വിജയിക്കാൻ സാധിക്കും. ഇത് ലീഗിന് നല്‍കിയേക്കും. നിലവില്‍ പി.വി. അബ്ദുള്‍വഹാബാണ് ലീഗിന്റെ രാജ്യസഭാംഗം.