‘ബൈരി പാർട്ട്-1’ലെ ‘ഫാൽകൺ ഇൻ ദ സ്കൈ’ എന്ന ഗാനം പുറത്തിറങ്ങി…
അരുൺ രാജ് വരികൾ എഴുതി സംഗീതം ഒരുക്കി ആലപിച്ച ‘ബൈരി പാർട്ട്-1’ലെ ‘ഫാൽകൺ ഇൻ ദ സ്കൈ’ എന്ന ഗാനം പുറത്തിറങ്ങി. ഗംഭീര സൗണ്ട് ട്രാക്കോടും വിഷ്വൽ ക്വാളിറ്റിയോടും എത്തിയ ഗാനം റാപ്പ് മോഡലിലാണ്. ഇംഗ്ലീഷും തമിഴും ഇടകലർന്നുള്ള വരികൾ പാട്ടിനെ കൂടുതൽ ആസ്വദ്യകരമാക്കുന്നു. സയ്യിദ് മജീദ്, മേഘ്ന എലൻ, വിജി ശേഖർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോൺ ഗ്ലാഡി സംവിധാനം ചെയ്യുന്ന ചിത്രം ഡികെ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വി ദുരൈരാജാണ് നിർമ്മിക്കുന്നത്. ബൈരി ശക്തിവേലൻ്റെ ശക്തി ഫിലിം ഫാക്ടറി തിയറ്റർ റിലീസ് ചെയ്യുന്ന ചിത്രം ഫെബ്രുവരി 23ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഡ്രീം ബിഗ് ഫിലീംസാണ് സ്വന്തമാക്കിയിരിക്കുന്നത്.
തെക്കൻ തമിഴ്നാടിൻ്റെ പശ്ചാത്തലത്തിൽ പ്രാവ് പറത്തൽ പ്രമേയമാക്കി ഒരുങ്ങുന്ന സിനിമയാണ് ‘ബൈരി പാർട്ട്-1’. തലമുറകളായി തുടരുന്ന പ്രാവ് പറത്തലിൽ യുവാക്കൾ എങ്ങനെ പങ്കെടുക്കുന്നുവെന്നും ഓട്ടത്തിന് പക്ഷികളെ ഒരുക്കുമ്പോൾ അവർ നേരിടുന്ന ബുദ്ധിമുട്ടുകളും ദൃശ്യാവിഷ്ക്കരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. യഥാർത്ഥ ജീവിതത്തിലെ പ്രാവ് പറത്തലുകാരാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇവർക്ക് പുറമെ ജോൺ ഗ്ലാഡി, രമേഷ് അറുമുഖം, വിനു, ശരണ്യ രവിചന്ദ്രൻ, കാർത്തിക് പ്രസന്ന, ദിനേശ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
സംവിധായകൻ ജോൺ ഗ്ലാഡിയുടെ വാക്കുകൾ, “‘ബൈരി’ എന്നാൽ പരുന്ത് എന്നാണർത്ഥം. ഈ പേര് കഥക്ക് ചേരുന്നു എന്ന് തോന്നിയതുകൊണ്ടാണ് അത് തിരഞ്ഞെടുത്തത്. പ്രാവ് വളർത്തുന്നവരുടെ ഏറ്റവും വലിയ ശത്രുവായിട്ടാണ് ബൈരിയെ കണക്കാക്കുന്നത്. ബൈരി പ്രാവുകളെ കൊല്ലുന്ന കാരണത്താൽ ഒരാൾ 30 പ്രാവുകളെ വളർത്തിയാൽ 3 പ്രാവുകൾ മാത്രമാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഇത് മനുഷ്യജീവിതവുമായി വളരെ സാമ്യമുള്ളതാണ്. കുറച്ച് ആളുകൾക്ക് മാത്രമേ മുകളിലുള്ളവരെ മറികടക്കാൻ കഴിയൂ. ഈ പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ. പ്രാവ് പറത്തൽ മാത്രമല്ല, അമ്മയും മകനും തമ്മിലുള്ള ആത്മബന്ധവും ചിത്രം പറയുന്നുണ്ട്. ഈ വിഷയത്തിൽ പൂർണ്ണമായ ഗവേഷണം നടത്തിയ ശേഷമാണ് ഞാൻ സിനിമ ഒരുക്കിയത്.”
ഛായാഗ്രഹണം: എ വി വസന്ത കുമാർ, ചിത്രസംയോജനം: ആർ എസ് സതീഷ് കുമാർ, പിആർഒ: ശബരി.