അയ്യൻകാളിയുടെ പ്രതിമ കാണുന്നത് ഒഴിവാക്കാൻ വളഞ്ഞ വഴിക്ക് പോകുന്ന രാജാക്കന്മാർ; മഹാത്മാ അയ്യൻകാളിക്ക് മരണമില്ല…
ആറ്റുകാൽ ക്ഷേത്രത്തിൽ എല്ലാത്തരം ജനങ്ങളും വരുന്ന ഒരു അവസരമാണ് പൊങ്കാല. ആ പൊങ്കാല ദിനത്തിൽ പഴയ രാജകുടുംബം നടത്തിയ റോഡ് ഷോ നമ്മളെല്ലാം കണ്ടതാണ്. ആ തേര് വലിക്കുന്ന , അല്ലെങ്കിൽ തള്ളിക്കൊണ്ട് നടക്കുന്ന അടിമകളെയും കണ്ടിരുന്നു. സഖാവ് വി എസ് അച്യുതാനന്ദന്റെ ഭാഷയിൽ പറഞ്ഞാൽ, രാജാവ് എന്ന് പറയുമ്പോൾ മൂത്രം ഒഴിക്കുന്ന രാജഭക്തന്മാർ അറിയാൻ, 1947 ഓഗസ്റ്റ്15 ന് ഇൻഡ്യ സ്വതന്ത്രമായി. 1956 ൽ തിരുവിതാംകൂറും മലബാറും കൂടി ഉൾപ്പെടുന്ന കേരളം രൂപീകരിക്കപ്പെട്ടു. 1975 ൽ രാജാക്കന്മാരുടെ പ്രത്യേക അധികാരം നിർത്തലാക്കി. അന്നുമുതൽ ഇവർ നമ്മളെപ്പോലെ സാധാരണ ജനങ്ങൾ ആയിമാറി. ഹിസ് ഹൈനസ് പ്രയോഗം ഒക്കെ ഇല്ലാതായി. പിന്നീട് കുറച്ച് രാജാക്കൻമാർ തങ്ങളുടെ പദവി പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് , കോടതിയിൽ പോയി. സുപ്രിം കോടതിയുടെ ഭരണഘട ബെഞ്ച് 1993 ൽ അത് തള്ളികളഞ്ഞു. രാജ്യത്തെ പരമോന്നതമായ കോടതി വരെ ഇവർക്ക് ഒരു അധികാരവും ഇല്ലന്ന് പറഞ്ഞിട്ടും രാജഭക്തന്മാർക്ക് ഇത് വരെ ആ കാര്യം ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല.”
ആറ്റുകാലമ്മ പുരാതന ദ്രാവിഡദൈവമായ ഭദ്രകാളിയാണ്. ഒരു കാരണവുമില്ലാതെ തന്റെ ഭർത്താവിനെ വധിച്ച പാണ്ഡ്യ രാജാവിനെ കൊന്ന്, മധുരയും കത്തിച്ച് കലി തുള്ളി നിന്ന ദേവി, മധുര മീനാക്ഷിയുടെ അപേക്ഷപ്രകാരം കൊടുങ്ങല്ലൂർ അമ്മയിൽ ലയിച്ചു എന്നും പിന്നീട് ബാലികാ രൂപത്തിൽ ആറ്റുകാലിൽ കുടിയിരുത്തി എന്നുമാണ് ഐതിഹ്യത്തിൽ പറയുന്നത്. വ്യക്തമായി പറഞ്ഞാൽ രാജാവിനോട് കട്ട കലിപ്പിൽ നിൽക്കുന്ന ദേവിയാണ് ആറ്റുകാലമ്മ. അപ്പോളാണ് രാജാവിനെ കയറ്റി, ഈ തേരും തെളിയിച്ച് കുറെ കഴുതകൾ റോഡിൽ ഇറങ്ങുന്നത്. തിരുവിതാങ്കൂർ മുൻ രാജകുടുംബത്തിലെ ആരെങ്കിലും ഇത് വരെ ആറ്റുകാൽ പൊങ്കാലയിട്ടതായോ ഉത്സവത്തിൽ പങ്കെടുത്തതായിട്ടോഅല്ലെങ്കിൽ ആറ്റുകാൽ ക്ഷേത്രത്തിൽ പോയി തൊഴുതതായി കേട്ടിട്ടുണ്ടോ? പലരോടും ചോദിച്ചിട്ടും അവരും കേട്ടിട്ടില്ല എന്നാണ് പറയുന്നത്. അവർക്ക് മേൽത്തരം ദൈവമായ ശ്രീ പത്മനാഭൻ മാത്രമാണ് വേണ്ടത്.
ഇന്നും മഹാത്മാ അയ്യങ്കാളിയുടെ പ്രതിമ ദർശിക്കാതിരിക്കാൻ, തങ്ങളേക്കാൾ ഉയരത്തിൽ നിവർന്ന് നിൽക്കുന്ന അയ്യങ്കാളിയെ തലയുയർത്തി നോക്കി, അതിന്റെ മുന്നിൽ ചെറുതാകുന്നു എന്ന് തോന്നാതിരിക്കാൻ, വെള്ളയമ്പലം ഒഴിവാക്കി, പാളയം വഴി പോകുന്ന ആളുകളാണ് ഈ പറഞ്ഞ രാശാക്കന്മാർ. വീണ്ടും അവരെ നിങ്ങൾ തേരിൽ ഏറ്റി എഴുന്നെള്ളിക്കുമ്പോൾ അപമാനം കൊണ്ട് താണ് പോകുന്നത് ഈ നാടിന്റെ തല കൂടിയാണ്. ഒരു രാജാവും കൽപ്പിച്ച് തന്ന സൗജന്യം അല്ല ഇന്നീ കാണുന്ന ഒന്നും. വഴി നടക്കാൻ പോലും സ്വാതന്ത്യമില്ലാതിരുന്ന ഒരു കാലത്ത് നിന്നും, മനുഷ്യർ നിവർന്ന് നിൽക്കാൻ തുടങ്ങിയത് മുൻ തലമുറകൾ ജീവത്യാഗം ചെയ്ത് നേടിയ പോരാട്ടങ്ങളുടെ ഫലമായാണ്. അവരുടെ പിൻതലമുറ ഇന്ന് ഉടുമുണ്ടഴിച്ച് കൈയ്യിൽ പിടിച്ച് ഈ രാജാക്കന്മാരുടെ മുന്നിൽ വളഞ്ഞ് കുത്തി നിൽക്കുമ്പോൾ പാഴായി പോകുന്നത് ആ മുൻ തലമുറകളുടെ ജീവത്യാഗമാണ്.
ഇത്തരം പാഴ് രാജാക്കന്മാരൊക്കെ വീടിനു പുറത്തേക്ക് അധികം ഇറങ്ങാതിരിക്കാൻ മഹാത്മാ അയ്യൻകാളിയുടെ പ്രതിക എല്ലാ കവലയിലും സ്ഥാപിക്കണം. കേശവദാസപുരം തൊട്ട് നെയ്യാറ്റിൻകര വരെ എല്ലാ റോഡിലും ആ പ്രതിമകൾ വേണം. ജീവിച്ചിരുന്നപ്പോൾ മാത്രമല്ല മരിച്ചിട്ടും ഇവരൊക്കെ അയ്യങ്കാളിയെ ഭയക്കുന്നുണ്ട്. വില്ലുവണ്ടി ഓടിച്ചപ്പോൾ തടയാൻ വന്ന സവര്ണര്ക്ക് കിട്ടിയ തല്ലിന്റെ വേദന തലമുറകൾക്ക് ശേഷവും അവരിൽ ശേഷിക്കുന്നുണ്ട്.
1937 ജനുവരി 14ന് വെങ്ങാനൂരിൽ അയ്യൻകാളി-ഗാന്ധി കൂടിക്കാഴ്ച്ച നടന്നിരുന്നു. അടിച്ചമർത്തപ്പെട്ട ജനതക്ക് വെളിച്ചം വീശിയ കൂടികാഴ്ച്ചയായിരുന്നു അത്. അയ്യൻ കാളി,ഗാന്ധിയോട് അഭ്യർത്ഥിച്ചത് ‘എന്റെ സമുദായത്തിൽ പത്തുപേരെയെങ്കിലും BA ക്കാരാക്കാൻ സഹായിക്കണമെന്നായിരുന്നു. ഗാന്ധിജി പറഞ്ഞു ‘പത്തല്ല നൂറ് BA ക്കാരുണ്ടാകും. തുടർന്ന് അയ്യൻ കാളി സ്ഥാപിച്ച പള്ളിക്കൂട്ടവും, അതിനോട് ചേർന്ന ഗ്രന്ഥാലയവും കണ്ട് ഗാന്ധിജി അദ്ദേഹത്തെ അഭിനന്ദിച്ചു. അന്ന് വേദി വിട്ടിറങ്ങുമ്പോൾ നിരവധിപേർ ഗാന്ധിജിയോട് സംശയങ്ങൾ ചോദിച്ചു. ഒരാൾ ചോദിച്ചത് – നമുക്ക് സ്വാതന്ത്ര്യം കിട്ടിയാൽ ഞങ്ങൾക്ക് എന്ത് തരും എന്നായിരുന്നു. ഗാന്ധിജി പറഞ്ഞത്, പ്രസിഡന്റായി ദളിത് സമൂഹത്തിൽ നിന്നും ഒരാൾ വരും എന്നാണ്. ആ ചോദ്യം ചോദിച്ചത് നമ്മുടെ രാഷ്ട്രപതിയായിരുന്ന K.R.നാരായണന്റെ ജ്യേഷ്ട്ടൻ K.R.വേലായുധൻ ആയിരുന്നു. വർഷങ്ങൾ കഴിഞ്ഞാണെങ്കിലും കെ ആർ നാരായണൻ പിന്നീട് രാഷ്ട്രപതിയായത് ചരിത്രമാണ്. അന്ന് ഗാന്ധിജി അയ്യങ്കാളിയെ വിശേഷിപ്പിച്ചത് പുലയരുടെ രാജാവെന്നാണ് .ഇന്ത്യ ഗവണ്മെന്റ് അയ്യൻകാളിയുടെ പേരിൽ സ്റ്റാമ്പ് പുറത്തിറക്കി. ഇന്ദിരാഗാന്ധി പിൽകാലത് അദ്ദേഹത്തെ ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് വിശേഷണവും നൽകി. നമ്മൾ ബഹുമാനിക്കേണ്ടത് നമുക്ക് പണ്ടുകാലത് ഇല്ലാതിരുന്ന, അല്ലെങ്കിൽ നിഷേധിക്കപ്പെട്ട പലതും നേടിത്തന്നവരെ ആണ്. അല്ലാതെ നമ്മളിൽ നിന്നും കരമായും മറ്റ് പല രീതിയിലും പിടിച്ച് പറിച്ച് ഖജനാവ് നിറച്ച, ഈ രാജ്യം മുടിച്ച രാജാക്കന്മാരെയല്ല…