SFI-യെ ക്രിമിനല്‍ സംഘമായി വളര്‍ത്തുന്നു; സിദ്ധാര്‍ഥന്റെ മരണത്തില്‍ മുഖ്യമന്ത്രിക്കെതിരെ വേണുഗോപാല്‍
എസ്.എഫ്.ഐയെ ഒരു ക്രിമിനല്‍ സംഘമായി വളർത്തിയ മുഖ്യമന്ത്രിയടക്കം സിദ്ധാർഥന്റെ മരണത്തിന് ഉത്തരവാദിയാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.
അഴിമതികളില്‍ നിന്നും ശ്രദ്ധതിരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എസ്.എഫ്.ഐ. പ്രവർത്തകരെ ഉപയോഗിക്കുകയാണ്. കേരളത്തിലെ അമ്മമാർ കുട്ടികളെ കോളേജില്‍ വിടാൻ ഭയപ്പെടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സിദ്ധാർഥന്റെ വീട്ടിലെത്തി അമ്മയേയും അച്ഛനേയും കണ്ടശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അങ്ങേയറ്റം ഹൃയഭേദകമായ സാഹചര്യത്തിലാണ് സിദ്ധാർഥന്റെ അമ്മയേയും അച്ഛനേയും കാണാൻ കഴിയുന്നത്. സിദ്ധാർഥന്റേത് ആത്മഹത്യയായി കാണാൻ കഴിയില്ല, അത് കൊലപാതകമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഉണ്ടാകുന്നു എന്നതിന് ഉദാഹരണമാണ് സിദ്ധാർഥന്റെ കൊലപാതകം. കോളേജ് ഹോസ്റ്റലുകള്‍ പാർട്ടി ഗ്രാമങ്ങള്‍പോലെ ആയിമാറുന്നു. സംഘടനയില്‍ ചേരാൻ കൂട്ടാക്കാത്ത വിദ്യാർഥികളോട് പ്രതികാരമനോഭാവത്തിലാണ് എസ്.എഫ്.ഐ. പ്രവർത്തകർ പെരുമാറുന്നതെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി. ഇതൊന്നും തടയാൻ കഴിയാത്ത അധ്യാപക സമൂഹവും ഇവിടെ പ്രതിക്കൂട്ടിലാണ്. അതേസമയം, എസ്.എഫ്.ഐ. പ്രവർത്തകരെ ക്രിമിനലുകളാക്കി വളർത്തുന്നത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം ആരോപിച്ചു.