സ്ത്രീധനം കൊടുക്കുന്നവരേയും വാങ്ങുന്നവരേയും ഒറ്റപ്പെടുത്തണം; മന്ത്രി വീണാ ജോര്‍ജ്
സ്ത്രീ ധനം കൊടുക്കുന്നവരേയും വാങ്ങുന്നവരേയും ഒറ്റപ്പെടുത്തണമെന്ന് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്.
സ്ത്രീ ധനത്തിനെതിരെ സ്ത്രീ സമൂഹം ഒന്നിച്ച് നില കൊള്ളണം. എല്ലാവരും വിചാരിച്ചാല്‍ നമുക്കത് സാധ്യമാക്കാമെന്നും മന്ത്രി വ്യക്തമാക്കി. അന്താരാഷ്ട്ര വനിതാ ദിനാചരണം സംസ്ഥാനതല പരിപാടികളുടെ ഉദ്ഘാടനവും വനിതാ രത്ന പുരസ്കാര വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സ്ത്രീ സൗഹൃദ നവ കേരളമാണ് ലക്ഷ്യമിടുന്നത്. ആരോഗ്യമുള്ള ശരീരവും, മനസും സ്ത്രീകള്‍ക്കുണ്ടാവണം. സ്ത്രീകളിലെ വിളർച്ച കണ്ടെത്തി ചികിത്സിക്കുന്നതിനായി വിവ കേരളം പദ്ധതി നടപ്പിലാക്കി. സ്തനാർബുദം കണ്ടെത്തുന്നതിനായി ഈ വർഷം പുതിയൊരു കാമ്ബയിൻ ആരംഭിക്കുന്നതാണ്. ആരംഭത്തില്‍ തന്നെ കണ്ടെത്തിയാല്‍ പൂർണമായും ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്നതാണ് സ്തനാർബുദം. സ്തനാർബുദം ബാധിച്ചവരെ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ കാൻസർ സെന്ററുകള്‍ക്കും മെഡിക്കല്‍ കോളേജുകള്‍ക്കും പുറമേ ജില്ലാ, താലൂക്ക് തല ആശുപത്രികളില്‍ കൂടി മാമോഗ്രാം മെഷീനുകള്‍ സ്ഥാപിച്ചു വരുന്നു. സന്നദ്ധ സംഘടനകള്‍, സ്വകാര്യ മേഖല എന്നിവരെക്കൂടി ഉള്‍പ്പെടുത്തിയായിരിക്കും കാമ്ബയിൻ ആരംഭിക്കുക.