ബ്രഹ്മപുരം മാലിന്യ പ്ലാന്റ് നേരിട്ടെത്തി വിലയിരുത്തി ഹൈക്കോടതി ജഡ്ജിമാര്‍
ബ്രഹ്മപുരം മാലിന്യ പ്ലാൻറ് സന്ദർശിച്ച് പ്രവർത്തനങ്ങള്‍ വിലയിരുത്തി ഹൈക്കോടതി ജഡ്ജിമാർ. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരാണ് വ്യാഴാഴ്ച മാലിന്യപ്ലാൻറില്‍ എത്തിയത്. മാലിന്യ സംസ്കരണം, സുരക്ഷാ കാര്യങ്ങള്‍ തുടങ്ങിയവയും ജഡ്ജിമാരുടെ സംഘം വിലയിരുത്തി. ബ്രഹ്മപുരത്തെ ബിപിസിഎല്‍ മാലിന്യ പ്ലാന്റിന്റെ നിർമാണ പുരോഗതിയും ജഡ്ജിമാർ വിലയിരുത്തി.
കഴിഞ്ഞ വർഷം മാർച്ച് മൂന്നിനായിരുന്നു ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപിടുത്തം ഉണ്ടായത്. രണ്ടാഴ്ചയ്ക്കു ശേഷമാണു തീ പൂർണമായി അണയ്ക്കാൻ സാധിച്ചത്. അതിനെ തുടര്‍ന്നു ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് മാർച്ച് 16 നു കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്. ബ്രഹ്മപുരത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തീപിടിത്തമായിരുന്നു അത്. ആലപ്പുഴ അതിർത്തിവരെ എത്തിയ വിഷപ്പുക കടുത്ത ആരോഗ്യ പ്രശ്നങ്ങളായിരുന്നു ജനങ്ങള്‍ക്കുണ്ടാക്കിയത്.
വൈകീട്ട് 3.30ഓടെ എത്തിയ ജഡ്ജിമാർ ആദ്യം ബയോമൈനിങ് മാലിന്യങ്ങള്‍ തരംതിരിക്കുന്ന പ്ലാൻറ് സന്ദർശിച്ചു. മാലിന്യം തരംതിരിക്കുന്നതും തരംതിരിച്ചിട്ടിരിക്കുന്നതും കണ്ടു. മാലിന്യം തരംതിരിക്കുന്ന യന്ത്രങ്ങള്‍ പ്രവർത്തിക്കുന്നതും വിലയിരുത്തി. ജൈവ മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനായി തുടങ്ങുന്ന രണ്ട് പട്ടാളപ്പുഴു പ്ലാൻറും സന്ദർശിച്ചു. ബി.പി.സി.എല്ലും കൊച്ചി കോർപറേഷനുംകൂടി ആരംഭിക്കുന്ന മാലിന്യ സംസ്കരണ പ്ലാൻറിന്റെ നിർമാണം പരിശോധിച്ചു. തീപിടിത്തം തടയാൻ സ്വീകരിച്ചിട്ടുള്ള കാര്യങ്ങള്‍ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞു. തുടർന്ന് തീപിടിത്തം തുടങ്ങിയ പ്ലാസ്റ്റിക് മലയുടെ ഭാഗത്തെത്തി ഹൈഡ്രൻറുകള്‍ പ്രവർത്തിപ്പിക്കുന്നത് കണ്ടു. 5.45ഓടെ സംഘം മടങ്ങി.