5000 കോടി നല്‍കാമെന്ന കേന്ദ്ര നിര്‍ദ്ദേശം തള്ളി കേരളം; 10,000 കോടി വേണമെന്ന് ആവശ്യം
5000 കോടി രൂപ മാത്രമെ കടമെടുക്കാൻ അനുവദിക്കൂയെന്ന കേന്ദ്ര നിർദ്ദേശം തള്ളി സുപ്രീം കോടതിയെ നിലപാടറിയിച്ച് കേരള സർക്കാർ. 5000 കോടി രൂപ വാങ്ങിക്കൂടേയെന്ന് സുപ്രീം കോടതി സംസ്ഥാന സർക്കാരിനോട് ആരാഞ്ഞു. കടമെടുപ്പില്‍ സമവായമാകാത്തതിനെ തുടർന്ന് സുപ്രീം കോടതി കേസ് പരിഗണിക്കുന്നത് അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി.
അടിയന്തരമായി പതിനായിരം കോടി രൂപ വേണമെന്നും വായ്പയെടുക്കാനുള്ള സംസ്ഥാനത്തിന്റെ അവകാശത്തിന്മേല് കേന്ദ്രം കടന്നുകയറുകയാണെന്നും കേരളത്തിന്റെ അഭിഭാഷകൻ നിലപാടെടുത്തു. സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കാൻ കേരളം വഴി കണ്ടെത്തണമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയില്‍ നിലപാടെടുത്തു.
നിബന്ധനകളോടെ 5000 കോടി ഉടൻ നല്‍കാമെന്നും ഇത് അടുത്ത വർഷത്തെ കടമെടുപ്പ് പരിധിയില്‍ നിന്ന് വെട്ടിക്കുറയ്ക്കുമെന്നും കേന്ദ്രം അറിയിച്ചു. ഈ നിർദ്ദേശം അംഗീകരിക്കാനാകില്ലെന്ന് കേരളം സുപ്രീം കോടതിയില്‍ നിലപാടെടുക്കുകയായിരുന്നു.