വിമാനത്തിലെ പൈലറ്റുമാര്‍ ഉറങ്ങിപ്പോയി; 157 യാത്രക്കാരുമായി സഞ്ചരിച്ച വിമാനം വഴിതെറ്റി
വിമാനത്തിലെ രണ്ടു പൈലറ്റുമാരും ഒരേ സമയം ഉറങ്ങി പോയതിനെ തുടർന്ന് വിമാനം 28 മിനിറ്റോളം വഴിതെറ്റിയ സഞ്ചരിക്കേണ്ടി വന്നു. 157 യാത്രക്കാരുമായി സഞ്ചരിച്ച ഇന്തോനേഷ്യയിലെ ബറ്റീക് എയർ വിമാനത്തിനാണ് സംഭവം. ജനുവരി 25 ന് കേന്ദരിയില് നിന്ന് ജക്കാർത്തയിലേക്ക് പറന്ന വിമാനത്തിലെ രണ്ടു പൈലറ്റുമാരും ഉറങ്ങി പോവുകയായിരുന്നു.
യാത്ര തുടങ്ങി ഏകദേശം 30 മിനിറ്റിനുശേഷം വിമാനം പറന്ന് 36,000 അടി ഉയരത്തില്‍ എത്തിയപ്പോഴാണ് പൈലറ്റ്മാരില്‍ ഒരാള്‍ സഹ പൈലറ്റിനോട് അല്പസമയം വിശ്രമിക്കാനായി അനുവാദം ചോദിച്ചത് . തുടർന്ന് ഇത് അനുവദിച്ചുകൊണ്ട് വിമാനത്തിന്റെ പൂർണ്ണ നിയന്ത്രണം സഹ പൈലറ്റ് ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ അധികം വൈകാതെ അദ്ദേഹവും ഉറങ്ങി വീഴുകയായിരുന്നു. ഒരുമാസം പ്രായമുള്ള രണ്ട് ഇരട്ടക്കുട്ടികളുടെ പിതാവായിരുന്ന സഹ പൈലറ്റിന് തന്റെ കുട്ടികളെ നോക്കുന്നതിനിടയില്‍ കൃത്യമായി ഉറങ്ങാൻ സാധിച്ചിരുന്നില്ല എന്നും റിപ്പോർട്ടില്‍ പറയുന്നു. അതേസമയം ഒരു മണിക്കൂറിനു ശേഷം ഉറക്കത്തില്‍ നിന്ന് ഉണർന്ന പൈലറ്റ് വിമാനം തെറ്റായ ദിശയിലാണ് സഞ്ചരിക്കുന്നത് എന്ന് മനസ്സിലാക്കി ഉടൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയായിരുന്നു.
കൂടാതെ വിമാനം വഴി തെറ്റി സഞ്ചരിക്കാൻ തുടങ്ങിയതോടെ ജക്കാർത്തയുടെ ഏരിയ കണ്ട്രോള് സെന്റർ വിമാനവുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും രണ്ടു പൈലറ്റുമാരും ഇതിന് പ്രതികരിച്ചില്ല. തുടർന്ന് 28 മിനിറ്റിന് ശേഷമാണ് ശരിയായ പാതയിലേക്ക് വിമാനം തിരിച്ചു വിട്ടത്. ഒടുവില്‍ വിമാനം ജക്കാർത്തയില്‍ സുരക്ഷിതമായി ലാൻഡ് ചെയ്യുകയയും ചെയ്തു. സംഭവത്തില്‍ യാത്രക്കാർക്കോ ജീവനക്കാർക്കോ മറ്റു കുഴപ്പങ്ങളൊന്നും സംഭവിച്ചില്ല. എങ്കിലും തലനാരിഴക്കാണ് ഒരു വലിയ അപകടം ഒഴിവായത്.