ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍; 24 മണിക്കൂറിനിടെ 81 പേര് കൊല്ലപ്പെട്ടു
വടക്കൻ ഗസ്സയില്‍ പട്ടിണി ആയിരങ്ങളുടെ മരണത്തിനിടയാക്കുമെന്ന ആശങ്കക്കിടയിലും ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍.
പിന്നിട്ട 24 മണിക്കൂറിനിടെ 81 പേർ കൊല്ലപ്പെട്ടു. ഗസ്സയിലെ അല്‍ശിഫക്കു നേരെ ഇനിയും ആക്രമണം നടത്തുമെന്ന മുന്നറിയിപ്പുമായി സൈന്യം മുന്നറിയിപ്പ് നല്കി. അറസ്റ്റിലായ അല്‍ ജസീറയുടെത് ഉള്‍പ്പെടെ മാധ്യമ പ്രവർത്തകരെ പന്ത്രണ്ട് മണിക്കൂറിനു ശേഷം ഇസ്രായേല്‍ മോചിപ്പിച്ചു. വിവസ്ത്രരാക്കി സൈന്യം മർദിച്ചതായി വിട്ടയച്ച മാധ്യമ പ്രവർത്തകർ പറഞ്ഞു. ഗസ്സയില്‍ പട്ടിണി മൂലം ജനങ്ങള്‍ മരിക്കുന്ന അവസ്ഥയില്‍ അന്തർദേശീയ സമൂഹം ലജ്ജിക്കണമെന്ന് യു.എൻ റിലീഫ് മേധാവി മാർട്ടിൻ ഗ്രിഫിത്ത്സ് വ്യക്തമാക്കി.
ഖത്തർ കേന്ദ്രീകരിച്ച് താല്‍ക്കാലിക വെടിനിർത്തല്‍ ചർച്ച പുനരാരംഭിച്ചിരിക്കെ, അല്‍ശിഫ ആശുപത്രിക്ക് നേരെയുള്ള ആക്രമണവും വടക്കൻ ഗസ്സയിലെ പട്ടിണി സാഹചര്യവും മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്ത നടപടിയും ഇസ്രായേലിനെതിരെ ലോകതലത്തില്‍ പ്രതിഷേധം ശക്തമാക്കി. അന്തർദേശീയ സമ്മർദത്തെ തുടർന്ന് അല്‍ജസീറ റിപ്പോർട്ടർ ഇസ്മാഈല്‍ ഗൗലിനെയും മറ്റു മാധ്യമ പ്രവർത്തകരെയും ഇസ്രായേല്‍ രാത്രി വിട്ടയച്ചു. നീണ്ട 12 മണിക്കൂറിനു ശേഷമാണ് ഇവരെ മോചിപ്പിച്ചത്. സൈന്യം വിവസ്ത്രരാക്കി നിർത്തി മർദനങ്ങള്‍ക്ക് വിധേയമാക്കിയെന്ന് ഇസ്മാഈല്‍ ഗൗല്‍ പറഞ്ഞു. ഇന്നലെ കാലത്താണ് അല്‍ശിഫ ആശുപത്രിക്കു നേരെ ഇസ്രായേല്‍ ആക്രമണം നടത്തിയത്. ആശുപത്രിയില്‍ 20 ഫലസ്തീനികളെ കൊലപ്പെടുത്തിയതായി ഇസ്രായേല്‍ സേന അറിയിച്ചു. എന്നാല്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അതിലും കൂടുതലാണെന്ന് ദൃക്സാക്ഷികള്‍ അറിയിച്ചു.