ഇലക്ട്രിക് ബസുകളുടെ നിരക്ക് കൂട്ടി, സമയക്രമവും മാറ്റി, ഗണേഷ് കുമാറിന്റെ പുതിയ പരിഷ്കരണത്തില്‍ പരാതിയുമായി തിരുവനന്തപുരം നഗരസഭ
തലസ്ഥാനത്ത് സർവീസുകള്‍ നടത്തുന്ന ഇലക്ട്രിക് ബസുകളുടെ യാത്രാനിരക്കുകള്‍ പുനക്രമീകരിച്ചതിനെ തുടർന്ന് പരാതിയുമായി തിരുവനന്തപുരം നഗരസഭ.
പുതിയ തീരുമാനത്തില്‍ ഗതാഗത വകുപ്പ് ചർച്ചകള്‍ നടത്തിയിട്ടില്ലെന്ന് ആരോപിച്ചാണ് നഗരസഭയുടെ പരാതി. മേയർ ആര്യാ രാജേന്ദ്രൻ നിലപാട് ഉടൻ തന്നെ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിനെ അറിയിക്കും.
ബസുകള്‍ ലാഭത്തിലല്ലെന്നാണ് കെ ബി ഗണേഷ് കുമാറിന്റെ അഭിപ്രായം. ഇതിന്റെ തുടർച്ചയായാണ് തലസ്ഥാനത്തെ ഇലക്ട്രിക് ബസുകളുടെ നിരക്ക് കൂട്ടിയത്. പത്ത് രൂപ നിരക്കില്‍ മുൻപ് ഒരു ട്രിപ്പ് മുഴുവൻ സഞ്ചരിക്കാമായിരുന്നു. ജനപ്രിയ ഓർഡിനറി സർവീസ് സിറ്റി ഫാസ്റ്റാക്കി മിനിമം നിരക്ക് 12 ആക്കിയത്. കഴിഞ്ഞ ദിവസമാണ് തീരുമാനം വന്നത്. അതേസമയം, എട്ട് സർക്കിളുകളില്‍ നിന്ന് രണ്ട് ബസുകള്‍ വീതം ഇതിനകം പിൻവലിച്ചു. ചില നൈറ്റ് ഷെഡ്യൂളും മാറ്റിയതോടെ യാത്രക്കാർ വലഞ്ഞു. സിറ്റി സർവീസുകള്‍ ഫാസ്റ്റാക്കി നഗരത്തിന് പുറത്തേക്കും മാറ്റി. ഇതോടെ ഇലക്ട്രിക് ബസുകളുടെ സമയ ദൈർഘ്യം 15 മിനിട്ടില്‍ നിന്ന് 25 മിനിട്ടാക്കി.
തലസ്ഥാനത്ത് നഗരസഭയുടെ പങ്കാളിത്തത്തോടുകൂടിയാണ് ഇലക്ട്രിക് ബസ് പദ്ധതി നിലവില്‍ വന്നത്. നഗരത്തിലെ ഗതാഗത പ്രശ്നം പരിഹരിക്കാനുള്ള പദ്ധതി നഗരത്തിന് പുറത്തേക്ക് മാറ്റിയതിലും നിരക്ക് കൂട്ടിയതിലും നഗരസഭയ്ക്ക് അതൃപ്തിയുണ്ട്.