‘ആണ് പെണ്ണാവുന്ന ഉത്സവരാത്രി’; ഇന്ന് കൊറ്റൻകുളങ്ങര ചമയവിളക്ക് മഹോത്സവം
കൊറ്റൻകുളങ്ങര ദേവിക്ഷേത്രത്തിലെ ഈ വർഷത്തെ ചമയവിളക്ക് മഹോത്സവം ഇന്നും ഇന്നലെയുമായി നടക്കുകയാണ്. പുരുഷന്മാർ സ്ത്രീ വേഷമണിഞ്ഞ് വിളക്കെടുക്കുന്ന ചമയവിളക്കില്‍ പങ്കെടുക്കാൻ നിരവധി ഭക്തരാണ് എത്തുന്നത്.
പുരുഷന്മാർ സ്ത്രീയായി വേഷം കെട്ടുന്ന, ആ വേഷത്തില്‍ ഉറക്കമിളക്കുന്ന, ദേവിയുടെ മുന്നില്‍ വിളക്കെടുക്കുന്ന ഉല്‍സവരാത്രി. കൊല്ലത്തിനും കരുനാഗപ്പള്ളിയ്ക്കും ഇടയില്‍ ചവറയില്‍ ദേശീയപാതയോരത്തുള്ള കൊറ്റൻകുളങ്ങര ദേവീക്ഷേത്രത്തിലാണ് ഈ അത്യപൂർവ്വ ഉത്സവം നടക്കുന്നത്.
വർഷം തോറും മലയാളമാസം മീനം 10 നും 11 നും നടക്കുന്ന ചമയവിളക്ക് ലിംഗസമത്വത്തിന്റെ പൗരാണികമായ ഹൈന്ദവ മാതൃക കൂടിയാണ്. കേരളത്തില്‍ രണ്ടുനാള്‍ ഒരേ ചടങ്ങുകള്‍ അവർത്തിക്കുന്ന ഉത്സവവും വേറെ എങ്ങും ഇല്ല.
അഭീഷ്ട കാര്യ സിദ്ധിയ്ക്കായിട്ടാണ് പുരുഷന്മാർ വ്രതം നോറ്റ് സ്ത്രീ വേഷം കെട്ടി ദേവീപ്രീതിയ്ക്കായി വിളക്കെടുക്കുന്നത്. ആണ് മക്കളെ പെണ്‍കുട്ടികളാക്കിയും, ഭര്ത്താക്കന്മാരെ യുവതികളാക്കിയും വിളക്ക് എടുപ്പിക്കുന്നവരും ഉണ്ട്.
വീട്ടില്‍ നിന്നു ഒരുങ്ങി വരുന്നവരാരിയിരുന്നു ആദ്യകാലത്ത് കൂടുതല്‍. ഇപ്പോള്‍ ചമയമിടാൻ മേക്കപ്പ്മാൻമാർ ഉണ്ട്. അമ്ബലത്തിന്റെ കിഴക്കു ഭാഗത്ത് നൂറു കണക്കിന് ചമയപ്പുരകള്‍ ഉണ്ടാകും. സിനിമയിലും സീരിയലിലുമൊക്കെ പ്രവർത്തിക്കുന്ന പ്രൊഫഷണല്‍ മേക്കപ്പ്മാൻമാരുടെ സേവനം തേടുന്നവരും ഉണ്ട്.