സംസ്ഥാനത്ത് പീക്ക് മണിക്കൂറില്‍ വൈദ്യുതി ഉപഭോഗത്തിലുണ്ടാകുന്നത് വൻവര്‍ധന
സംസ്ഥാനത്ത് പീക്ക് മണിക്കൂറില്‍ വൈദ്യുതി ഉപഭോഗത്തില്‍ വൻവർധന. 2022 മാർച്ച് മാസത്തെ അപേക്ഷിച്ച് ഈ മാർച്ചില്‍ 26 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.
നിലവിലെ സാഹചര്യം തുടർന്നാല്‍ ഏപ്രിലിലെ പീക്ക് സമയ പ്രതിദിന ഉപയോഗം 5650 മെഗവാട്ടിന് മുകളിലെത്തും.
രണ്ടാഴ്ചയായി ഓരോ ദിവസവും വൈദ്യുതി ഉപയോഗം പുതിയ ‘റെക്കോഡ്’ കുറിച്ച് കുതിക്കുന്ന സാഹചര്യമാണ്. കഴിഞ്ഞ ദിവസം ഇത് സർവകാല റെക്കോഡായ 104.63 ദശലക്ഷം യൂനിറ്റിലെത്തി. 100 ദശലക്ഷം യൂനിറ്റ് പിന്നിടുന്നത് തുടർച്ചയായതോടെ പവർ എക്സ്ചേഞ്ചില്‍നിന്ന് അധിക വിലനല്‍കി വൈദ്യുതി വാങ്ങിയാണ് പ്രതിസന്ധി പരിഹരിക്കുന്നത്. വേനല്‍ക്കാലമായതിനാല്‍ ഇതര സംസ്ഥാനങ്ങളിലും വൈദ്യുതിക്ക് ആവശ്യകത കൂടുതലാണ്.
പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിക്ക് വില കൂടുന്ന സ്ഥിതിയാണ്. 2022-23 വർഷത്തെ കെ.എസ്.ഇ.ബിയുടെ കടബാധ്യതയുടെ 75 ശതമാനമായ 767.715 കോടി സർക്കാർ അനുവദിച്ചതിനാല്‍ മേയ് വരെ വൈദ്യുതി വാങ്ങല്‍ ചെലവടക്കം വലിയ ബുദ്ധിമുട്ടില്ലാതെ കൈകാര്യം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.
2023-24 വർഷത്തെ നഷ്ടം 1500 കോടിയിലേക്കെത്തിയേക്കും. വർധിച്ച ഉപഭോഗം മൂലം ഈ മാസം മിക്ക ദിവസവും 15 കോടിയിലേറെ രൂപ വൈദ്യുതി വാങ്ങാൻ ചെലവിടേണ്ടിവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ നഷ്ടത്തിന്റെ തോത് ഉയർന്നേക്കാം.