1974 ഏപ്രിൽ 1; കൊച്ചിയിലെ ആദ്യ നഗ്ന ഓട്ടം നടന്ന ദിവസം
1974 ഏപ്രിൽ 1 ന് കൊച്ചിയിൽ തിരക്കേറിയ ബ്രോഡ്വേയിൽ നാലു യുവാക്കൾ നഗ്നരായി ചരിത്രത്തിലേക്ക് ഓടികയറിയിട്ട് ഇന്നേക്ക് 50 വർഷങ്ങൾ. എറണാകുളത്തെ തിരക്കേറിയ ഷോപ്പിങ് കേന്ദ്രമായ ബ്രോഡ് വേയിൽ, വൈകീട്ട് റോഡിലൂടെ നാല് യുവാക്കൾ പൂർണ നഗ്നരായി ഓടുന്ന കാഴ്ച കണ്ട് റോഡിലെ ജനങ്ങൾ , അന്തം വിട്ടുനിന്നു. പൊതു സ്ഥലത്തെ ഇന്ത്യയിലെ ആദ്യത്തെ നഗ്നയോട്ടമാണ് കൊച്ചിക്കാർ അന്ന് കണ്ടത്. ഓടിയത്, എറണാകുളം ലോ കോളേജിലെ നാല് മലയാളി വിദ്യാർഥികളും.
സമൂഹത്തിൻ്റെ പോക്ക് ശരിയല്ല. ഒരു ഷോക്ക് ട്രീറ്റ്മെന്റ് കൊടുക്കണം എന്ന ചിന്തയിൽ നിന്നാണ് ലോ കോളേജ് വിദ്യാർത്ഥികൾ ഇക്കാര്യം പ്ലാൻ ചെയ്തത്. ‘സ്ട്രീക്കിംഗ് നടത്തുക’ എന്ന് വെച്ചാൽ ‘ നിരത്തിൽ നഗ്നരായി ഓടുക. ‘ എന്നതായിരുന്നു ആ തീരുമാനം.
പൊതു സ്ഥലത്ത് നഗ്നത പ്രദർശിപ്പിച്ചാൽ ഐപിസി 294, പോലീസ് നിയമമനുസരിച്ച് അകത്താകും. സമൂഹത്തിനും സദാചാരവാദികൾക്കും ഒരു കൊട്ട് കൊടുക്കുക, ഇതായിരുന്നു അവരുടെ ലക്ഷ്യം. ഈ തീരുമാനം എറണാകുളത്തെ വിദ്യാർത്ഥി നേതാവായ കോമളചന്ദ്രൻ വഴി അടുപ്പമുള്ള ഒരു പത്രപ്രവർത്തകന് രഹസ്യമായി കൈമാറി. മാതൃഭൂമി ദിനപത്രത്തിൻ്റെ മുതിർന്ന ലേഖകനായ എൻ. എൻ. സത്യവ്രതനായിരുന്നു ഈ ഓപ്പറേഷൻ ഏറ്റെടുത്തത്. അദ്ദേഹം ഈ വിദ്യാർഥികളോട് സംസാരിച്ചു. നാല് വിദ്യാർഥികൾ തുണിയില്ലാതെ രാത്രി സുഭാഷ് പാർക്കിൻ്റെ മുന്നിലൂടെ ഓടും. അത് പിറ്റേന്ന് ഗംഭീര വാർത്തയായി മുൻപേജിൽ വരണം ഇതായിരുന്നു പദ്ധതി. ഇത്തരമൊരു സംഭവത്തിൻ്റെ വാർത്താ പ്രാധാന്യം നന്നായി അറിയാമായിരുന്ന പത്രപ്രവർത്തകനായിരുന്നു സത്യവ്രതൻ. അദ്ദേഹം അവരോട് പറഞ്ഞു. ‘’ഇങ്ങനെ ആരും കാണാത്ത വഴിയിലൂടെ, ആരും കാണാത്ത നേരത്ത് സ്ട്രീക്കിങ് നടത്തിയിട്ട് കാര്യമില്ല. അതിനാൽ തിരക്കുള്ള, ബ്രോഡ് വേയിൽ വേണം. അതും വൈകിട്ട് ഇരുട്ടും മുൻപ് വേണം ഓടാൻ, എന്നാലെ വാർത്താ പ്രധാന്യമുള്ളൂ.” അവർ അതും സമ്മതിച്ചു. ഓടാൻ തിരഞ്ഞെടുത്ത ദിവസം പ്രാധാന്യമുള്ളതായിരുന്നു. ഏപ്രിൽ 1, ലോക വിഡ്ഡി ദിനം. പരമ രഹസ്യമായി എറണാകുളത്തെ പ്രശസ്തമായ കൃഷ്ണൻ നായർ സ്റ്റുഡിയോവിലെ ഫോട്ടോഗ്രാഫറായ ജനാർദ്ദനൻ പടം എടുക്കാനുള്ള ദൗത്യം ഏറ്റെടുത്തു.
1974 ഏപ്രിൽ 1 ന് വൈകിട്ട് ആറ് മണി കഴിഞ്ഞ് തിരക്കേറിയ ബ്രോഡ്വേയിലൂടെ ആളുകൾ നടന്നു നീങ്ങുന്ന സമയത്ത് ‘ നാല് യുവാക്കൾ പൂർണനഗ്നരായി അതാ ഓടിവരുന്നു. ഈ ലൈവ് ഷോ കണ്ട് ജനങ്ങൾ അന്തം വിട്ട് നിന്നു. സ്ത്രീകൾ തല താഴ്ത്തി. ജനാർദ്ദനൻ ക്യാമറ ക്ലിക്ക് ചെയതോടെ യുവാക്കൾ ഓടി മാറി കുറെ അകലെ മുൻ കൂട്ടി തയ്യാറാക്കി നിറുത്തിയിരുന്ന കാറിൽ കേറി സ്ഥലം വിട്ടു. പക്ഷേ, സംഗതി പാളിപ്പോയി. ക്യാമറ ജനാർദ്ദനനെ ചതിച്ചു. ആ പടം കിട്ടിയില്ല. അവർ പിൻമാറിയില്ല. യുവാക്കൾ കുടുതൽ ആവേശത്തോടെ വീണ്ടും രംഗത്തെത്തി. ബോട്ട് ജെട്ടി ഓർത്തഡോക്സ് പള്ളിയുടെ അടുത്തുള്ള വഴിയിലൂടെ വീണ്ടും ഓടിയ നഗ്ന യുവാക്കളുടെ ഓട്ടത്തിൻ്റെ പിൻ കാഴ്ച ജനാർദനൻ ക്യാമറയിൽ പകർത്തി.
ഏപ്രിൽ 2 ലെ മാതൃഭൂമി പത്രത്തിലെ മുൻ പേജ് വാർത്ത കണ്ട് നഗരം അന്തം വിട്ടു. ലൈവ് കാണാത്തവർ ഇന്ത്യയിലെ തന്നെ ആദ്യത്തെ നഗ്നയോട്ടം പത്രത്തിലൂടെ കണ്ടു. സംഭവം കുറെക്കാലത്തേക്ക് സംസാര വിഷയമായി. സോഷ്യൽ മീഡിയ എന്ന പേര് അന്ന് കേട്ടിട്ടു പോലുമില്ല. ഇല്ലെങ്കിൽ സംഗതി ആഗോള പ്രശസ്തിയാർജ്ജിച്ചേനെ. പടത്തിൽ ഓടിയവരുടെ പേരോ, വന്ന റിപ്പോർട്ടിന് ബൈലൈനോ ഉണ്ടായിരുന്നില്ല. പക്ഷേ, ഇന്ത്യയൊട്ടുക്ക് 40 പത്രങ്ങളിൽ ഈ വാർത്തയും , ഫോട്ടോയും അച്ചടിച്ചു വന്നു. കേരള കൗമുദി പത്രം മുഖപ്രസംഗം എഴുതി. ” കൊച്ചിയിലെ കുരങ്ങുകൾ” എന്ന പേരിൽ. ആ നാല് യുവാക്കൾ ഓടുന്ന ചിത്രത്തിന് ഡെസ്മണ്ട് മോറീസിൻ്റെ വിഖ്യാത പുസ്തകത്തിൻ്റെ ശീർഷകം ഓർമ്മിപ്പിച്ച് ഒരു ഇംഗ്ലീഷ് വീക്കിലി അടിക്കുറിപ്പ് കൊടുത്തത് ഇങ്ങനെ,, ‘The Naked Apes of Kerala‘. ഇന്ത്യയിലെ ഏറ്റവും മികച്ച പ്രസിദ്ധീകരണമായ, ഇലസ്ട്രേറ്റഡ് ഇന്ത്യ വീക്കിലി ഈ പടം കൊടുത്തു. ‘ ’ WHEN COCHIN GETS TOO HOT’എന്നായിരുന്നു അടിക്കുറിപ്പിലെ ആദ്യ വാചകം.
നാല് വിദ്യാർത്ഥികളെയും കോളേജിൽ നിന്ന് പുറത്താക്കുമെന്ന് പ്രിൻസിപ്പലായ ഫിലിപ്പ് തയ്യിൽ പറഞ്ഞെങ്കിലും പിന്നീട് ശക്തമായ താക്കീതിൽ ഒതുക്കി. ഓടിയത് ആരൊക്കെയാണെന്ന് കുറച്ച് പേർക്കു മാത്രം അറിയാവുന്ന രഹസ്യമായതിനാൽ മറ്റ് കുറെ വിദ്യാർത്ഥികൾ തങ്ങൾ ആ നാൽവർ സംഘത്തിലുണ്ടായിരുന്നെന്ന് വീമ്പടിച്ചു നടന്നു. എറ്റവും വലിയ തമാശ, യഥാർഥ ഓട്ടക്കാരിലൊരാളുടെ പിൻഭാഗം തൻ്റെ മകൻ്റെയാണല്ലോ എന്ന് പത്രത്തിലെ ഫോട്ടോ കണ്ട് പയ്യൻ്റെ പിതാവ് തിരിച്ചറിഞ്ഞു. ആ പിതാവ് ഉടനെ തന്നെ മകനെ ഹോസ്റ്റലിൽ നിന്ന് വീട്ടിലെത്തിച്ചു. പിതാവിൻ്റെ അച്ചടക്ക നടപടി കഴിഞ്ഞു രണ്ടാഴ്ചക്ക് ശേഷമാണ് മകൻ ഹോസ്റ്റലിൽ തിരികെയെത്തിയത്.
ചരിത്രം രചിച്ച ഈ നാല് നഗ്നയോട്ടക്കാരിൽ ഒരാൾ മാത്രം അഭിഭാഷകനായി. മറ്റൊൾ കസ്റ്റംസ് ഉദ്യോഗസ്ഥൻ. ബാക്കി രണ്ട് പേർ ബിസിനസുകാരായി. എറണാകുളം പ്രസ്ക്ലബ് പരിസരത്ത് ഈ സംഭവം നടന്നിട്ടും മറ്റൊരു പത്രപ്രവർത്തകനും ഇത് ആ സമയത്തും, അത് കഴിഞ്ഞിട്ടും അറിഞ്ഞില്ല എന്നതാണ് ഈ വാർത്തയുടെ മറ്റൊരു സവിശേഷത.
കൊച്ചിയിലെ ഈ സ്ട്രീക്കിങ്ങിന് ഒരു വർഷം കഴിഞ്ഞ് ഒരു രണ്ടാം ഭാഗം കൂടിയുണ്ടായി. നഗ്നയോട്ടത്തിൻ്റെ ഒന്നാം വാർഷികം ഗംഭീരമായി ആഘോഷിക്കാൻ ലോ കോളേജിലെ മറ്റൊരു സംഘം തീരുമാനിച്ചു. അതിലും വ്യത്യസ്തത വേണമെന്ന് അവർക്ക് തോന്നി. ഈ എപ്രിൽ 1 ന് വീണ്ടും തങ്ങൾ സ്ട്രീക്കിങ് നടത്തുമെന്ന് പ്രഖ്യാപിക്കുന്ന ഒരു നോട്ടീസ് അച്ചടിച്ചു വിതരണം ചെയ്തു. പരസ്യപ്പെടുത്തിയൊരു നഗ്നയോട്ടം.
ലീഡർ കരുണാകരനാണ് അന്നത്തെ ആഭ്യന്തര മന്ത്രി. നക്സലുകളയൊക്കെ നിഷ്ക്കരുണം അടിച്ചമർത്തിയ ജയറാം പടിക്കലൊക്കെയാണ് അക്കാലത്തെ കേരള പോലീസിലെ ഉന്നതർ. അവരുടെ മൂക്കിൻ്റെ കീഴിലാണ് ഈ അതിസാഹസം കാണിക്കേണ്ടത്. നോട്ടീസ് കാണേണ്ടവർ കണ്ടു. അധികാരികൾക്ക് ഉന്നതങ്ങളിൽ നിന്നുള്ള നിർദേശങ്ങൾ വന്നു. കഴിഞ്ഞ തവണത്തെ അബദ്ധം പറ്റാതിരിക്കാൻ ജില്ലാ പോലീസ് മേധാവി കെ. ചന്ദ്രശേഖരനും ജില്ലാ കളക്ടർ ഉപ്പിലിയപ്പനും ചേർന്ന് ബ്രോഡ് വേയിൽ വൻ പോലിസ് സന്നാഹമൊരുക്കി ഓട്ടം തടയാൻ കാത്തുനിന്നു. സംഘാടകർ അടുത്തുള്ള ഒരു കോളനിയിൽ നിന്ന് കുറച്ച് കൊച്ചു കുട്ടികളെ സംഘടിപ്പിച്ച് നഗ്നരാക്കി അവരുടെ തുണിയില്ലാ ഘോഷയാത്ര റോഡിലൂടെ നടത്തി. അങ്ങനെ ഭരണകൂടത്തിൻ്റെ മുഖത്തു നോക്കിയുള്ള ഒരു പരിഹാസമായി പരിണമിച്ചു ഈ ശിശു നഗ്നയോട്ടം.
നഗ്നയോട്ട നോട്ടിസ് ഇറക്കിയതും പരിപാടികൾ ആസൂത്രണം ചെയ്തതും റോഡ് ഷോ നടത്തിയതും രണ്ട് ലോ കോളേജ് വിദ്യാർത്ഥികളായിരുന്നു. അതിലൊരാൾ പിന്നീട് എറണാകുളം ജില്ലാ കളക്ടറായി – കെ.ആർ വിശ്വംഭരൻ, രണ്ടാമൻ പി. ഐ മുഹമ്മദ് കുട്ടി. അയാൾ പിൽക്കാലത്ത് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന മഹാനടനും മെഗാ സ്റ്റാറുമായി, അറിയപ്പെട്ടത് മമ്മൂട്ടി എന്ന പേരിലാണെന്ന് മാത്രം. മമ്മൂട്ടിയെന്ന നടൻ്റെ എറണാകുളം ലോ കോളേജിലെ അധികം പേരറിയാത്ത സാഹസങ്ങളിലൊന്നായി ഇത്.
പന്ത്രണ്ട് വർഷം മുൻപാണ് അവസാനം കൊച്ചിയിൽ ഒരു നഗ്നയോട്ടം നടന്നത്. അത് ഒരു ഒറ്റയാൾ ഓട്ടമായിരുന്നു. 2012 ഡിസംബറിൽ , മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് കെ.ജി. ബാലകൃഷ്ണന്റെ രാജി ആവശ്യപ്പെട്ട് ഒരു യുവാവ് കൊച്ചി നഗരമധ്യത്തില്‍ വൈകിട്ട് നാല് മണിയോടെ നഗ്നയോട്ടം നടത്തി. തിരക്കേറിയ എം. ജി. റോഡില്‍ യുവാവ് പ്ലക്കാര്‍ഡ് ഉയര്‍ത്തി പിടിച്ചാണ് നഗ്നനായി ഓടിയത്. അഴിമതിയാരോപിതനായ മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് കെ.ജി. ബാലകൃഷ്ണന് രാജിവെയ്ക്കുകയെന്നും അതിനു താഴെ എറണാകുളം ലോ കോളേജ് എന്നും എഴുതിയിരുന്നു.
മുഖം തുണികൊണ്ട് മറച്ച്, മഹാരാജാസ് ഗ്രൗണ്ടിനു പുറത്ത് നൂറു മീറ്ററോളം ഓടിയ യുവാവ് പിന്നീട് സുഹൃത്തിന്റെ ബൈക്കില്‍ കയറി രക്ഷപ്പെട്ടു. റോഡിൽ ചുവപ്പ് സിഗ്നല്‍ ആയതിനാൽ യുവാവ് ഓടുന്ന വശത്ത് അധികം വാഹനങ്ങള്‍ ഉണ്ടായിരുന്നില്ല. എതിര് വശത്ത് വാഹനങ്ങളിലും കാല് നടയായും സഞ്ചരിച്ചവര്‍ യുവാവിന്റെ പ്രകടനം കണ്ട് ഞെട്ടി. പക്ഷേ, ഏറെ താമസിയാതെ പോലീസ് ആളെ പൊക്കി. അതിനിടെ നഗ്നയോട്ടം നടത്തിയ യുവാവിനു പിന്തുണയുമായി ലോ കോളജ് വിദ്യാര്‍ഥികള്‍ രംഗത്തെത്തി. പ്രതിഷേധത്തിന്റെ വേറിട്ട വഴി കണ്ടെത്തിയ യുവാവിനെ അഭിനന്ദിച്ചു ലോ കോളജ് ക്യാംപസില്‍ ഒരുപറ്റം വിദ്യാര്‍ഥികള്‍ പ്രകടനം നടത്തുകയും ചെയ്തു.