കേരള സ്റ്റോറിക്ക് പകരം മണിപ്പുര്‍ ഡോക്യുമെന്ററിയുമായി വൈപ്പിന്‍ പള്ളി
വിവാദമായ കേരള സ്റ്റോറി സിനിമയ്ക്ക് പകരം മണിപ്പുർ കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ വൈപ്പിൻ സാൻജോപുരം സെന്റ് ജോസഫ്സ് പള്ളി.
സിറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ ഇന്റന്‍സീവ് ബൈബിള്‍ കോഴ്സിന്റെ ഭാഗമായാണ് വിശ്വാസ പരിശീലനത്തിനെത്തുന്ന വിദ്യാർഥികളെ ഡോക്യുമെന്ററി കാണിക്കുന്നത്. ‘ദ് ക്രൈ ഓഫ് ദ് ഒപ്രസ്ഡ്’ എന്ന ഡോക്യുമെന്ററിയാണ് പ്രദർശിപ്പിക്കുന്നത്.
മണിപ്പുർ കലാപത്തെകുറിച്ചും കുട്ടികള്‍ അറിഞ്ഞിരിക്കണമെന്നതാണ് നിലപാട്. സഭയിലെ മറ്റു രൂപതകളില്‍ കേരള സ്റ്റോറി സിനിമ കാണിച്ചതിന്റെ പിന്നാലെ മണിപ്പുർ കലാപത്തെക്കുറിച്ചാണ് കുട്ടികളെ ബോധവല്‍കരിക്കേണ്ടതെന്ന നിലപാടുമായി എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു പള്ളി രംഗത്തെത്തിയിരിക്കുന്നത്. ഇടുക്കി രൂപതക്കു കീഴില്‍ കേരള സ്റ്റോറി പ്രദർശിപ്പിച്ചത് ഏറെ വിവാദമായിരുന്നു. ഇതിനിടെ, തലശ്ശേരി അതിരൂപതക്കു കീഴിലെ പള്ളികളില്‍ ‘കേരള സ്റ്റോറി’ സിനിമ പ്രദർശിപ്പിക്കുമെന്ന പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍, തീരുമാനിച്ചിട്ടില്ലെന്നും അത്തരമൊരു പ്രചാരണം വരാനുണ്ടായ സാഹചര്യം അറിയില്ലെന്നും തലശ്ശേരി ബിഷപ് ഹൗസ് അറിയിച്ചു.