പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരേ കോണ്‍ഗ്രസ്; പ്രകടനപത്രിക കൂട്ടത്തോടെ മോദിക്കയച്ചു
പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരേ ശക്തമായ പ്രചാരണത്തിനൊരുങ്ങി കോണ്‍ഗ്രസ്. പാര്‍ട്ടി പ്രകടനപത്രിക കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ കൂട്ടത്തോടെ പ്രധാനമന്ത്രിക്ക് അയച്ചു.
വിദ്വേഷ പ്രസംഗത്തിനെതിരേ കോണ്‍ഗ്രസ് ഒപ്പ് ശേഖരണം തുടങ്ങി. ഒരു ലക്ഷം പേരുടെ ഒപ്പ് ശേഖരിച്ച് തെരെഞ്ഞെടുപ്പ് കമ്മീഷന് നല്‍കാനാണ് തീരുമാനം. മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് യോഗത്തിലാണ് മോദി വിദ്വേഷ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സ്വത്ത് മുസ്ലിംകള്ക്ക് വീതിച്ച് നല്‍കുമെന്നായിരുന്നു പരാമര്‍ശം. രാജ്യത്തിന്റെ സ്വത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും നല്‍കുമെന്നും, അതിന് നിങ്ങള്‍ തയാറാണോ എന്നുമാണ് മോദി പ്രസംഗത്തിനിടെ ചോദിച്ചത്.
അമ്മമാരുടെയും,സഹോദരിമാരുടെയും സ്വര്‍ണ്ണത്തിന്റെ കണക്കെടുപ്പ് നടത്തി അത് മുസ്ലിംകള്ക്ക് നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രകടനപത്രികയിലുണ്ടെന്നും മോദി ആരോപിച്ചിരുന്നു.