ഷുഗര്‍ നില 300-ലും മേലെ; കെജ്രിവാളിന് ജയിലില്‍ ഇൻസുലിൻ നല്കി
തിഹാർ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇൻസുലിൻ നല്കി. തിങ്കളാഴ്ച രാത്രിയോടെ കെജ്രിവാളിന്റെ ഷുഗർ ലെവല്‍ 320 ആയി ഉയർന്നിരുന്നു.
ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന് ജയിലില്‍ ഇൻസുലിൻ നല്‍കിയത്.
ജയിലില്‍ തനിക്ക് വിദഗ്ദ ചികിത്സ നിഷേധിക്കുന്നുവെന്ന് കെജ്രിവാള് ആരോപിച്ചിരുന്നു. ഇൻസുലിന്‍ വേണ്ടി നിരന്തരം ആവശ്യം ഉയർത്തിയെങ്കിലും ജയില്‍ അധികൃതർ നല്കാൻ തയ്യാറായിരുന്നില്ല. പ്രമേഹ ചികിത്സയ്ക്കായി സ്വന്തം ഡോക്ടറോട് ദിവസവും 15 മിനിറ്റ് വീഡിയോ കോളില്‍ സംസാരിക്കാൻ അനുവദിക്കണമെന്ന കെജ്രിവാളിന്റെ ആവശ്യവും അംഗീകരിച്ചിരുന്നില്ല. ഇതിന് പിന്നാലെ കെജ്രിവാള് കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഇൻസുലിൻ നല്‍കണോയെന്ന് പരിശോധിക്കാൻ മെഡിക്കല്‍ ബോർഡ് രൂപവത്കരിക്കാൻ കോടതി നിർദേശിച്ചു. എയിംസ് ആശുപത്രിയിലെ ഡോക്ടർമാരെ ഉള്‍പ്പെടുത്തി ബോർഡുണ്ടാക്കി തുടർ തീരുമാനമെടുക്കാനായിരുന്നു റൗസ് അവന്യൂ കോടതിയിലെ സ്പെഷ്യല്‍ ജഡ്ജി കാവേരി ബവേജ ഉത്തരവിട്ടത്.