സിപിഎം പാര്‍ട്ടി ഓഫീസുകള്‍ റെയ്ഡ് ചെയ്യണം, വ്യാജ ഐഡി കാര്‍ഡുകള്‍ പിടിച്ചെടുക്കണം; കള്ളവോട്ട് ആരോപണവുമായി ആന്റോ ആന്റണി
പത്തനംതിട്ടയില്‍ വിജയ പ്രതീക്ഷയില്‍ മൂന്ന് മുന്നണികളും. ജയം ഉറപ്പെന്ന് അവകാശപ്പെടുമ്ബോഴും പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലും കള്ളവോട്ട് ആരോപണം ആവർത്തികുകയാണ് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി.
വ്യാജ ഐഡി കാർഡുകള്‍ പിടിച്ചെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സിപിഎം പാർട്ടി ഓഫീസുകള്‍ റെയ്ഡ് ചെയ്യണമെന്ന് ആന്റോ ആന്റണി ആവശ്യപ്പെട്ടു. ദുർബല സ്ഥാനാർത്ഥി ആയതിനാല്‍ ബിജെപി വോട്ടുകള്‍ സിപിഎമ്മിലേക്ക് പോകുമോ എന്ന ഭയമുണ്ട്. എന്നാല്‍, ഇതുവരെ കിട്ടിയതില്‍ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ആന്റോ ആന്റണി പ്രതികരിച്ചു.
അതേസമയം, അമ്ബത്തിനായിരത്തിന് മുകളില്‍ ഉറച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാർത്ഥി ഡോ. തോമസ് ഐസക് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പെന്തകോസ്ത്, മുസ്ലിം വോട്ടുകള്‍ എല്‍ഡിഎഫിലേക്ക് ഒഴുകും. വ്യാജ ഐഡി കാർഡും കള്ള വോട്ട് ആരോപണവും ആര് വേണമെങ്കിലും അന്വേഷിക്കട്ടെ. തോല്‍വി മുന്നില്‍ കണ്ടാണ് ആന്റോ ആന്റണി ഇപ്പോഴേ വിശദീകരണം കണ്ടെത്തുന്നതെന്ന് തോമസ് ഐസക് തിരിച്ചടിച്ചു. സിപിഎമ്മിലേക്ക് വരേണ്ട വോട്ടുകള്‍ വന്ന് കഴിഞ്ഞുവെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ ബിജെപി ജയിക്കുന്ന സീറ്റുകളില്‍ ഒന്ന് പത്തനംതിട്ടയായിരിക്കുമെന്ന് എൻഡിഎ സ്ഥാനാർത്ഥി അനില്‍ കെ ആന്റണിയും പ്രതികരിച്ചു.