റഫയില്‍ കരയാക്രമണത്തിന് ഒരുങ്ങി ഇസ്രായേല്‍ സേന; അനുമതി നല്‍കിയിട്ടില്ലെന്ന് അമേരിക്ക
തെക്കൻ ഗസ്സയിലെ റഫയില്‍ ആക്രമണത്തിന് ഒരുങ്ങിയെന്നും ഇനി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അനുമതി മാത്രം മതിയെന്നും ഇസ്രായേല്‍ സേന.
ആയിരക്കണക്കിന് സൈനികരെയാണ് റഫക്ക് നേരെയുള്ള കരയാക്രമണത്തിന് ഇസ്രായേല്‍ സജ്ജമാക്കി നിർത്തിയിരിക്കുന്നത്. 12 ലക്ഷത്തോളം പേർ തിങ്ങിത്താമസിക്കുന്ന റഫക്കു നേരെയുള്ള ആക്രമണം ആയിരങ്ങളുടെ കൂട്ടക്കുരുതിക്കാവും വഴിയൊരുക്കുക. എന്നാല്‍, ഒഴിപ്പിക്കലും ആക്രമണവും ഒരേ സമയം മുന്നോട്ടുകൊണ്ടുപോകുമെന്ന് സൈന്യം വ്യക്തമാക്കി. റഫ ആക്രമണത്തിന് അനുമതി നല്‍കിയെന്ന വാർത്ത അമേരിക്ക തള്ളി. സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി പെൻറഗണ്‍ അറിയിച്ചു. ഈജിപത് ഉള്‍പ്പെടെ മേഖലയുടെ സുരക്ഷക്ക് വൻഭീഷണിയാകും റഫ ആക്രമണമെന്ന് ഫലസ്തീൻ സംഘടനകളും മുന്നറിയിപ്പ് നല്കി.