മലപ്പുറത്ത് ഡ്രൈവിംഗ് സ്കൂള്‍ മാഫിയയെന്ന് മന്ത്രി ഗണേശ് കുമാർ; പ്രതിഷേധം ശക്തമാകുന്നു
മലപ്പുറത്ത് ഡ്രൈവിംഗ് സ്കൂള്‍ മാഫിയയെന്ന് മന്ത്രി ഗണേശ് കുമാർ പറഞ്ഞതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പരാമർശം വംശീയ പരാമർശമാണെന്നാണ് സിഐടിയുവിന്റെ ആക്ഷേപം. മലപ്പുറമെന്ന് കേള്‍ക്കുമ്ബോള്‍ മറ്റ് പലർക്കുമുള്ള വൈഷമ്യമാണ് മന്ത്രിക്കെന്നും സിഐടിയു പറഞ്ഞു. ഡ്രൈവിംഗ് സ്കൂളുകാർ ഉള്‍പ്പടെയുള്ളവരും മന്ത്രിയുടെ പരാമർശത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
‘സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ഡ്രൈവിംഗ് സ്കൂള്‍ മാഫിയ സംഘങ്ങളാണ് . ഇത്തരം സംഘങ്ങള്‍ മലപ്പുറത്തുണ്ട്. ഇവർക്ക് കൂട്ടായി ഉദ്യോഗസ്ഥരും ഉണ്ട്. നേരത്തെ ഈ ഉദ്യോഗസ്ഥര്‍ വൻ തോതില്‍ പണം വെട്ടിച്ചു. അഴിമതി കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കർശന നടപടി തുടരും. മലപ്പുറം ആര്‍ടി ഓഫീസില്‍ നടന്നത് മൂന്നുകോടിയുടെ വെട്ടിപ്പാണ്. ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തു. വ്യാജ രസീത് ഉണ്ടാക്കി നികുതി വെട്ടിച്ചു’ എന്നാണ് മന്ത്രി പറഞ്ഞത്. ഇതിനെതിരെയാണ് പ്രതിഷേധം ശക്തമായത്. പരിഷ്കരണങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നും പ്രതിഷേധം കണ്ട് പിന്മാറില്ലെന്നും മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.
ഇന്നുമുതല്‍ നടപ്പാക്കുന്ന ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരത്തിനെതിരെ ഡ്രൈവിംഗ് സ്കൂള്‍ യൂണിയനുകള്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ടെസ്റ്റ് ഗ്രൗണ്ടുകള്‍ അടച്ചുകെട്ടിയും ടെസ്റ്റിനുള്ള വണ്ടികള്‍ വിട്ടുകൊടുക്കാതെയുമാണ് പ്രതിഷേധം. കേരളത്തിലെ എല്ലാ ഡ്രൈവിംഗ് സ്കൂള്‍ ഉടമകളും ജീവനക്കാരും പണിമുടക്കുമെന്നാണ് അറിയിക്കുന്നത്.പരിഷ്കരണത്തിന്റെ ഭാഗമായുള്ള പുതിയ ട്രാക്കുകള്‍ കേരളത്തില്‍ ഒരിടത്തും തയ്യാറായിട്ടില്ലെന്നും ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ പറയുന്നു. സിഐടിയു, ഐഎൻടിയുസി, ബിഎംഎസ് സംഘടനകളുടെ കീഴിലുള്ള ഡ്രൈവിംഗ് സ്കൂളുകളുടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധസമരം നടക്കുന്നത്.