അധ്യാപകരുടെ നമ്ബര്‍ വാങ്ങി സിനിമാക്കാരൻ എന്ന് പറയും, ഓഡിഷൻ എന്ന വ്യാജേന വിദ്യാര്‍ത്ഥിനികളുടെ നഗ്നദൃശ്യം പകര്‍ത്തും; യുവാവ് അറസ്റ്റില്‍
സിനിമാക്കാരൻ എന്ന വ്യാജേന പെണ്‍കുട്ടികളുടെ നഗ്നദൃശ്യം പകർത്തി ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. കൊല്ലം വൈ നഗറില്‍ ബദരിയ മൻസിലില്‍ താമസിക്കുന്ന മുഹമ്മദ് ഹാരിസ് (36) ആണ് കായംകുളം പൊലീസിന്റെ പിടിയിലായത്.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളുടെ മൊബൈല്‍ നമ്ബർ കൈക്കലാക്കി വീഡിയോ കോള്‍ ചെയ്ത് നഗ്നദൃശ്യങ്ങള്‍ പകർത്തുകയും ഇവ ഇൻസ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് ഇയാള്‍ക്കെതിരെയുള്ള പരാതി.
അധ്യാപകരുടെ നമ്ബർ കൈക്കലാക്കി സിനിമാ നിർമാതാവാണെന്ന വ്യാജേന ഇയാള്‍ തന്നെ തയാറാക്കിയ ഒരുബ്രോഷർ അയച്ചു നല്‍കും. തുടർന്ന് അഭിനയിക്കാൻ താല്പര്യമുള്ള പെണ്‍കുട്ടികളുടെ ഓഡിഷൻ നടത്താനാണെന്ന വ്യാജേന അധ്യാപകരെ കബളിപ്പിക്കുകയും, അവരില്‍ നിന്നും പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളുടെ മൊബൈല്‍ നമ്ബർ സ്വന്തമാക്കുകയും ചെയ്യും. പിന്നീടാണ് ഈ പെണ്‍കുട്ടികളുടെ മൊബൈല്‍ നമ്ബറിലേക്ക് വിളിച്ച് സിനിമയില്‍ അഭിനയിക്കാൻ താല്പര്യം ഉണ്ടെങ്കില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് വീഡിയോ കോളില്‍ വിളിക്കുകയും ഒരു രംഗം അഭിനയിച്ചു കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നത്. ഇതുവഴിയാണ് യുവാവ് ഇവരുടെ ദൃശ്യങ്ങള്‍ പകർത്തുന്നതും തുടർന്ന് ഭീഷണിപ്പെടുത്തുന്നതും.അതേസമയം, പ്രതി ഹാരിസിന്റെ പേരില്‍ ഇയാളുടെ പേരില്‍ നൂറനാട് പൊലീസ് സ്റ്റേഷനിലും കനകക്കുന്ന് പൊലീസ് സ്റ്റേഷനിലും കേസുകള്‍ നിലവിലുണ്ട്. 2020 ല്‍ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചതിന് കൊല്ലം ഇരവിപുരം പൊലീസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസുണ്ട്.