‘സീതാമഢില്‍ സീതാദേവിയ്ക്കായി ഗംഭീര ക്ഷേത്രം പണിയും’; ബിഹാറില്‍ അമിത് ഷായുടെ പ്രസ്താവന
തെരഞ്ഞെടുപ്പ് റാലികളില്‍ വീണ്ടും മതം പറഞ്ഞ് വോട്ട് തേടി ബിജെപി. ബിജെപി സർക്കാർ അധികാരത്തിലേറിയാല്‍ ബിഹാറിലെ സീതാമഢില്‍ സീതാദേവിക്കായി ഗംഭീര ക്ഷേത്രം പണിയുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്ക്.
സീതാമഢില്‍ ജനതാദള്‍(യു) സ്ഥാനാർഥി ദേവേഷ് ചന്ദ്ര ഠാക്കൂറിന്റെ പ്രചാരണാർഥം നടത്തിയ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഷാ.
“ബിജെപിക്ക് വോട്ട് ബാങ്കില്‍ ഭയമില്ല. നരേന്ദ്ര മോദി സർക്കാർ അയോധ്യയില്‍ രാം ലല്ലയ്ക്കായി ക്ഷേത്രം നിർമിച്ചു. ഇനി സീതാദേവിയ്ക്കായി ക്ഷേത്രം പണിയുകയാണ് ലക്ഷ്യം. അതും ദേവിയുടെ ജന്മസ്ഥലത്ത്. രാമക്ഷേത്രത്തോട് അകലം പാലിക്കുന്നവർക്ക് ഇത് ചെയ്യാനാവില്ല. “സീതാ ദേവിയുടെ ജീവിതത്തോട് ചേർന്ന് നില്ക്കും വിധം ഉത്തമമായി ആർക്കെങ്കിലും ക്ഷേത്രം പണിയാനാവുമെങ്കില്‍ അത് നരേന്ദ്ര മോദിക്ക് മാത്രമായിരിക്കും… ബിജെപിക്ക് മാത്രമായിരിക്കും”. ഷാ പറഞ്ഞു.
ബിജെപി തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടും മതത്തിന്റെ പേരില്‍ വോട്ട് തേടല്‍ തുടരുകയാണ് ബിജെപി. മുസ്ലിംകളെ അധിക്ഷേപിച്ചുള്ള വിദ്വേഷ പ്രസംഗങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് പോകവേയാണ് വോട്ടില്‍ മതം കൂട്ടിക്കലർത്തി അമിത് ഷായും എത്തുന്നത്.