ബിജെപി കേവല ഭൂരിപക്ഷം കടക്കില്ല ; പ്രവചനവുമായി യോഗേന്ദ്ര യാദവ്
400 കടക്കുമെന്ന് ബിജെപി ആവര്‍ത്തിക്കുമ്ബോള്‍ കേവലഭൂരിപക്ഷം പോലും ബിജെപിക്ക് ലഭിക്കില്ലെന്ന് പ്രവചിക്കുകയാണ് തിരഞ്ഞെടുപ്പ് വിശകലനവിദഗ്ധനും പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റുമായ യോഗേന്ദ്ര യാദവ്.
ബിജെപിക്ക് 260 സീറ്റുകള്‍ ലഭിക്കാനുള്ള സാധ്യതയെ കാണുന്നുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ എന്‍ഡിഎ തന്നെ അധികാരത്തില്‍ വരുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രശാന്ത് കിഷോര്‍.
വോട്ടെടുപ്പിന്റെ ഒരു ഘട്ടം കൂടി ബാക്കി നില്‍ക്കുമ്ബോള്‍ അന്തിമ പ്രവചനങ്ങളിലേക്ക് കടക്കുകയാണ് തെരഞ്ഞെടുപ്പ് നിരീക്ഷകര്‍. നരേന്ദ്ര മോദി തന്നെഅധികാരത്തില്‍ എത്തുമെന്നും ലോകപ്രശസ്ത പൊളിറ്റിക്കല്‍ സയന്റിസ്റ്റ് ഇയാന്‍ ബ്രെമ്മര്‍ ഇന്നലെ പ്രവചിച്ചിരുന്നു. 305 സീറ്റുകള്‍ ബിജെപി സഖ്യം നേടുമെന്നാണ് ബ്രെമ്മറുടെ നിരീക്ഷണം. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്ഥമാണ് യോഗേന്ദ്ര യാദവിന്റെ കണക്കുകള്‍. ഇത്തവണ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് കണക്കുനിരത്തി യാദവ് പറയുന്നത്. ബിജെപി തേരോട്ടം 240 മുതല്‍ 260 സീറ്റുകളില്‍ നില്‍ക്കുമെന്നാണ് പ്രവചനം. എന്‍ഡിഎ മുന്നണിയിലെ മറ്റ് പാര്‍ട്ടികള്‍ക്കെല്ലാം കൂടി 35 മുതല്‍ 45 സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. ഇങ്ങനെ വന്നാലും മുന്നണിയിലെ സഖ്യ കക്ഷികളുടെ സഹായത്തോടെ എന്‍ഡിഎ തന്നെ രാജ്യം ഭരിക്കുമെന്നാണ് വിലയിരുത്തല്‍.