“വേർതിരിവ് കാണിക്കുന്നത് ഞാൻ അല്ല, നരേന്ദ്ര മോദി ആണ്”; “ജീവിതത്തിൽ ഒരു സമുദായത്തെയും ഇതുവരെ വേർതിരിച്ച കണ്ടിട്ടില്ല”
ജീവിതത്തിൽ ഒരിക്കലും താൻ ഒരു സമുദായത്തെ മറ്റൊന്നിൽ നിന്നും വേർതിരിച്ച് നിർത്തിയിട്ടില്ലെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മൻമോഹൻ സിങ്. തനിക്കെതിരെ തെറ്റായ പ്രസ്താവനയാണ് മോദി നടത്തിയത്. ജീവിതത്തിൽ ഇതുവരെ ഒരു സമുദായത്തോടും വേർതിരിവ് കാണിച്ചിട്ടില്ലെന്ന് മൻമോഹൻ സിങ് പറഞ്ഞു. രാജസ്ഥാനിൽ നടന്ന റാലിയിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി മൻമോഹൻ സിങ്ങിനെതിരെയും കോൺഗ്രസ് പാർട്ടിക്കെതിരെയും ആരോപണം ഉന്നയിച്ചത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ കൂടുതൽ കുട്ടികളുള്ളവർക്ക് രാജ്യത്തിന്റെ സ്വത്തുക്കൾ നൽകും. രാജ്യത്തിന്റെ സ്വത്തുക്കളിൽ ആദ്യവകാശം മുസ്ലിംകൾക്കാണെന്ന് മൻമോഹൻ സിങ് പറഞ്ഞുവെന്നും ഇത് ഇതിന്റെ തെളിവാണെന്നും നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇക്കാര്യത്തിലാണ് ഇപ്പോൾ മൻമോഹൻ സിങ്ങിന്റെ മറുപടി പുറത്ത് വന്നിരിക്കുന്നത്.
തനിക്കെതിരായി പ്രധാനമന്ത്രി തെറ്റായ പ്രസ്താവനയാണ് നടത്തിയത്. ഒരു സമുദായത്തേയും വേർതിരിച്ച് നിർത്തുന്നത് തന്റെ രീതിയല്ല. ബി.ജെ.പിയാണ് അത്തരം രീതികൾ പിന്തുടരുന്നതെന്നും മൻമോഹൻ സിങ് പറഞ്ഞു.
പ്രധാനമന്ത്രിയായിരിക്കെ 2006ൽ ദേശീയ വികസന കൗൺസിൽ യോഗത്തിൽ ഡോ. മൻമോഹൻസിങ് നടത്തിയ പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രമെടുത്ത് വളച്ചൊടിച്ചാണ് നരേന്ദ്ര മോദി മുസ്ലിംകൾക്കെതിരെ വിദ്വേഷ പരാമർശം ഉയർത്തിയത്. ‘‘ന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ച് മുസ്ലിം ന്യൂനപക്ഷങ്ങൾക്ക് വികസനത്തിന്റെ ഫലങ്ങൾ തുല്യമായി പങ്കുവെക്കുന്നുവെന്ന് ഉറപ്പാക്കാൻ നൂതന പദ്ധതികൾ നാം ആവിഷ്കരിക്കേണ്ടതുണ്ട്. അവർക്ക് നമ്മുടെ വിഭവങ്ങളിൽ ആദ്യ അവകാശം ഉണ്ടായിരിക്കണം’’ – മൻമോഹൻ സിങ്ങിന്റേതായി ബി.ജെ.പി പ്രചരിപ്പിക്കുന്ന വിഡിയോയിൽ പറയുന്നു.
എന്നാൽ, അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ മുഴുവൻ ഭാഗം ഇങ്ങനെ: ‘‘ഞങ്ങളുടെ കൂട്ടായ മുൻഗണനകൾ വ്യക്തമാണെന്ന് ഞാൻ വിശ്വസിക്കുന്നു. കൃഷി, ജലസേചനം, ജലസ്രോതസ്സുകൾ, ആരോഗ്യം, വിദ്യാഭ്യാസം, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങളിലെ നിക്ഷേപം, പൊതുഅടിസ്ഥാന സൗകര്യ വികസനം, പട്ടികജാതി-പട്ടികവർഗം, ന്യൂനപക്ഷങ്ങൾ, സ്ത്രീകളും കുട്ടികളും, മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനുള്ള പരിപാടികൾ എന്നിവയാണത്. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കുള്ള ഘടകപദ്ധതികൾ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. ന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ച് മുസ്ലിം ന്യൂനപക്ഷത്തിന് വികസനത്തിന്റെ ഫലം തുല്യമായി പങ്കുവെക്കുന്നുവെന്ന് ഉറപ്പാക്കാൻ നൂതന പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട്. അവർക്ക് വിഭവങ്ങളിൽ ആദ്യ അവകാശം ഉണ്ടായിരിക്കണം. കേന്ദ്രത്തിന് മറ്റ് നിരവധി ഉത്തരവാദിത്തങ്ങളുണ്ട്. വിഭവങ്ങളുടെ ലഭ്യതക്കനുസരിച്ച് ഉത്തരവാദിത്തങ്ങൾ സംയോജിപ്പിക്കേണ്ടതുണ്ട്’’.
പ്രസംഗത്തിലെ ‘‘മുസ്ലിം ന്യൂനപക്ഷങ്ങൾക്ക് വിഭവങ്ങളിൽ ആദ്യ അവകാശം ഉണ്ടായിരിക്കണം’’ എന്ന പരാമർശം വിവാദമായതിനെ തുടർന്ന് അന്നുതന്നെ പ്രധാനമന്ത്രി മൻമോഹൻസിങ്ങിന്റെ ഓഫിസ് വിശദീകരണക്കുറിപ്പും പുറത്തിറക്കിയിരുന്നു. സർക്കാറിന്റെ മൊത്തത്തിലുള്ള സാമ്പത്തിക മുൻഗണനകളെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞതിനെ സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നായിരുന്നു വിശദീകരണം.
മുൻകാലങ്ങളിൽ ഒരു പ്രധാനമന്ത്രിയും സമൂഹത്തിലെ ഏതെങ്കിലും പ്രത്യേക വിഭാഗത്തെയോ പ്രതിപക്ഷത്തെയോ ലക്ഷ്യംവെച്ചുകൊണ്ട് ഇത്രയും വിദ്വേഷജനകവും പാർലമെന്ററി വിരുദ്ധവും പരുഷവുമായ വാക്കുകൾ പ്രയോഗിച്ചിട്ടില്ല. ഈ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ഞാൻ രാഷ്ട്രീയ പ്രഭാഷണങ്ങൾ ശ്രദ്ധാപൂർവം പിന്തുടർന്നിരുന്നു. വിദ്വേഷപ്രസംഗങ്ങളുടെ ഏറ്റവും നികൃഷ്ടമായ രൂപമാണ് മോദിയുടെ ഭാഗത്തുനിന്നുണ്ടായത്. അത് പൂർണമായും ഭിന്നിപ്പിക്കുന്ന രീതിയിലാണ്. എന്നെക്കുറിച്ച് ചില തെറ്റായ പ്രസ്താവനകളും അദ്ദേഹം നടത്തി. ജീവിതത്തിൽ ഞാനൊരിക്കലും ഒരു സമൂഹത്തെ മറ്റൊന്നിൽനിന്ന് വേർതിരിച്ചിട്ടില്ല. അത് ബി.ജെ.പി.യുടെ മാത്രം കുത്തകയാണ്’’ എന്നും -മൻമോഹൻ കുറ്റപ്പെടുത്തി.