വോട്ടെണ്ണലിന് മൂന്നുനാള്‍; കാസര്‍കോഡ് അരലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷം നേടുമെന്ന് ഉണ്ണിത്താൻ
ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ കേന്ദ്രമായ പെരിയ കേന്ദ്രസർവ്വകലാശാലയില്‍ ഒരുകങ്ങള്‍ അവസാനഘട്ടത്തില്‍. ജൂണ്‍ നാലിന് ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണി തുടങ്ങുക. രാവിലെ ആറുമുതല്‍ ഏജന്റുമാരെ പ്രവേശിപ്പിക്കുമെന്നും ഏഴിനകം തപാല്‍ ബാലറ്റ് കൗണ്ടിങ് ഏജന്റുമാരും 7.30നകം ഇവിഎം കൗണ്ടിങ് ഏജന്റുമാരും അതത് കൗണ്ടിങ് ഹാളുകളിലെത്തണമെന്ന് അധികൃതർ ഇറിയിച്ചു. എട്ട് മണിയോടെ തപാല്‍ വോട്ടുകളും എട്ടരയോടെ മെഷീനിലെ വോട്ടുകളും എണ്ണിത്തുടങ്ങും.
കഴിഞ്ഞ ദിവസം തപാല്‍ ബാലറ്റ് വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ മാതൃകയൊരുക്കി ഉദ്യോഗസ്ഥർക്ക് പരിശീലനം നല്‍കിയിരുന്നു. വോട്ടെണ്ണലുമായി ബന്ധപ്പെട്ട് സ്ഥാനാർഥികളുടെയും രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെയും യോഗവും കളക്ടർ വിളിച്ച് ചേർത്തിരുന്നു. വോട്ടെണ്ണല്‍ തീരുന്നത് വരെ എല്ലാവരും സഹകരിക്കണമെന്ന് കളക്ടർ ആവശ്യപ്പെട്ടു.
ഇത്തവണ വിജയം ആവർത്തിക്കുമെന്ന് യുഡിഎഫും മണ്ഡലം തിരിച്ചുപിടിക്കുമെന്ന് എല്‍ഡിഎഫും ഉറപ്പിച്ച് പറയുന്നു. അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കാസർകോഡ് വിജയം ആവർത്തിക്കുമെന്നാണ് യു ഡി എഫ് സ്ഥാനാർത്ഥിയായ രാജ്മോഹൻ ഉണ്ണിത്താൻ തിരഞ്ഞെടുപ്പിന് പിന്നാലെ അവകാശപ്പെട്ടത്. ഇപ്പോള്‍ അത് ലക്ഷത്തിലേക്ക് ഉയരുമെന്നാണ് രാജ്മോഹൻ ഉണ്ണിത്താൻ പറയുന്നത്.
അതേസമയം മണ്ഡലത്തില്‍ ബിജെപി പിടിക്കുന്ന വോട്ടുകളും ഉറ്റുനോക്കപ്പെടുന്നുണ്ട്. മഞ്ചേശ്വരത്തും കാസർകോഡും ബി ജെ പിക്ക് സ്വാധീനമുണ്ട്. ഇവിടെ ബി ജെ പി വോട്ടുകള്‍ എങ്ങോട്ട് എന്നതാണ് ഉയരുന്ന ചോദ്യം. തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് വലിയ പൊട്ടിത്തെറിയായിരുന്നു ബി ജെ പിയില്‍ സംഭവിച്ചത്. വോട്ട് ബഹിഷ്കരിക്കാൻ ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തിയിരുന്നു.പാർട്ടി ബലിദാനികളെ അപമാനിച്ച സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്ത് ഉള്‍പ്പെടെയുള്ളവർക്കെതിരെ നടപടി എടുത്തിക്കാത്തതില് പ്രതിഷേധിച്ചായിരുന്നു നേതാക്കളുടെ ആഹ്വാനം.